ദമ്മാമിൽ എ.ഐ.സി.സി സെക്രട്ടറി ഡോ. ആരതി കൃഷ്ണയെ ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചപ്പോൾ
ദമ്മാം: വിദേശ രാജ്യങ്ങളിലുള്ള കോൺഗ്രസ് അനുഭാവികളെ ഒരുകുടക്കീഴിൽ അണിനിരത്തി കെ.പി.സി.സിയുടെ പ്രവാസി പോഷക സംഘടനയായി പ്രവർത്തിക്കുന്ന ഒ.ഐ.സി.സി മാതൃകയിൽ സംസ്ഥാനാടിസ്ഥാനത്തിൽ എ.ഐ.സി.സിക്കുകീഴിൽ പോഷക ഘടകം രൂപവത്കരിക്കുമെന്ന് സെക്രട്ടറി ഡോ. ആരതി കൃഷ്ണ വ്യക്തമാക്കി. ഹ്രസ്വ സന്ദർശനാർഥം ദമ്മാമിലെത്തിയ അവർ ദമ്മാം ഒ.ഐ.സി.സി ഭാരവാഹികളോടാണ് ഇക്കാര്യം പങ്കുവെച്ചത്.
സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കെ.പി.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒ.ഐ.സി.സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും 2024ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുന്നതിന് പ്രവാസികൾക്ക് വലിയ തോതിലുള്ള പങ്കുവഹിക്കാനുണ്ടെന്നും ഡോ. ആരതി കൃഷ്ണ പറഞ്ഞു.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ച് വളരെ വൈകാതെതന്നെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ സംസ്ഥാനക്കാരായ കോൺഗ്രസ് അനുഭാവികളെ കണ്ടെത്തി അതത് സംസ്ഥാന പി.സി.സികൾക്കുകീഴിൽ ഒ.ഐ.സി.സി മാതൃകയിൽ സംഘടനാപ്രവർത്തനത്തിന് തുടക്കം കുറിക്കും. അതിലേക്ക് ഒ.ഐ.സി.സിയുടെ സഹായം അവർ ആവശ്യപ്പെട്ടു.
ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, അസ്‌ലം ഫറോക്ക് എന്നിവരാണ് കർണാടക സർക്കാറിന്റെ എൻ.ആർ.ഐ സെൽ മുൻ ചെയർപേഴ്‌സൻ കൂടിയായ ഡോ. ആരതി കൃഷ്ണയെ സന്ദർശിച്ച് ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.