ജിദ്ദ നവോദയ കുടുംബവേദി സംഘടിപ്പിച്ച ‘സ്ത്രീപക്ഷ കേരളം’ വെബിനാറിൽനിന്ന്
ജിദ്ദ: സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റുമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി അഭിപ്രായപ്പെട്ടു. ജിദ്ദ നവോദയ കുടുംബവേദി സംഘടിപ്പിച്ച 'സ്ത്രീപക്ഷ കേരളം' വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ. പെൺകുട്ടികളോടുള്ള സമീപനത്തിൽ രക്ഷിതാക്കൾ മാറ്റംവരുത്താൻ തയാറാവണം. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയശേഷം മാത്രമേ വിവാഹം നടത്താവൂ. ആൺകുട്ടികളെ കല്യാണം നടത്തുന്നതിനുമുമ്പ് കല്യാണം കഴിച്ച പെൺകുട്ടിയെ പോറ്റാൻ അവരെ പ്രാപ്തരാക്കുന്ന രക്ഷിതാക്കൾ എന്തുകൊണ്ട് ഇതേ നിലപാട് പെൺകുട്ടികളോട് കാണിക്കുന്നില്ല? ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ പുരുഷ മനസ്സിൽനിന്നും മാത്രമല്ല സ്ത്രീകളുടെ മനസ്സിൽനിന്നും മാറണം.
സ്ത്രീയും പുരുഷനും ഒന്നിച്ചുനിന്നാൽ മാത്രമേ കുടുംബം കെട്ടിപ്പടുക്കാൻ പറ്റൂ എന്ന ധാരണ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
ആൺകുട്ടികളെപോലെ വിദ്യാഭ്യാസം നേടാനും അവളുടെ കാര്യത്തിൽ സ്വന്തമായ തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് അനുവദിച്ചുകൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനിതാവേദി കൺവീനർ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു. ഡോ. ഇന്ദു ചന്ദ്ര, റജിയ ബീരാൻ, സലീന മുസാഫിർ, ആയിഷ അലി, സുവിജ സത്യൻ, നൂറുന്നീസ ബാവ എന്നിവർ സംസാരിച്ചു. വനിതാവേദി ജോയിൻറ് കൺവീനർ ഹഫ്സ മുസാഫർ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം സനൂജ മുജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.