ജനവാസ കേന്ദ്രങ്ങളിൽ ഭീഷണിയായി ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കൾ
ദമ്മാം: തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് ദമ്മാം നഗരത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർ പ്രായാസപ്പെടുന്നതായി പരാതി. പലപ്പോഴും സംഘങ്ങളായി റോഡുകളിലും കവലകളിലും നിൽക്കുന്ന നായ്ക്കൾ കാൽനട, വാഹനയാത്രക്കാർക്ക് അപകട ഭീഷണിയാവുന്നു. കാൽനടയാത്രക്കാരെ കടിക്കാൻപോകുന്നതും വാഹനങ്ങളുടെ പിറകിൽ ഓടുന്നതും പതിവായിരിക്കയാണ്.
വഴിയോരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നിടത്തുമാണ് പൊതുവേ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം. എന്നാൽ, രാത്രിയാവുന്നതോടെ, ചില പ്രദേശങ്ങളിൽ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് നായ്ക്കൾ എത്തുന്നതായാണ് പരാതി. ജനവാസത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള തെരുവുനായ് ശല്യം ഇല്ലാതാക്കാൻ അധികൃതർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഫാഖ്രിയ്യ സ്ട്രീറ്റിലെ താമസക്കാരനായ ഉസാം അൽഹുസൈൻ പറഞ്ഞു. കുട്ടികളും മുതിർന്നവരും പലപ്പോഴും തെരുവുനായ് ശല്യം കാരണം പുറത്തിറങ്ങാൻ ഭയപ്പെടുന്നു. മുമ്പ് പലയിടങ്ങളിലായി നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികളടക്കമുള്ള പ്രദേശവാസികൾക്ക് പരിക്കേറ്റതായി പരാതിയുയർന്നിരുന്നു.
പെട്രോൾ പമ്പുകളോട് ചേർന്നും മറ്റും ആളുകൾ ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുന്നതാണ് ജനവാസ കേന്ദ്രങ്ങളിൽ പോലും തെരുവുനായ്ക്കൾ വർധിക്കാൻ കാരണമെന്ന് ദമ്മാം നിവാസിയായ അഖീൽ അൽശമ്മരി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് റിയാദിൽ നാലു വയസ്സായ ബാലിക മാതാവിെൻറ മുന്നിൽവെച്ച് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ ബാലിക പിന്നീട് ആശുപത്രിയിൽവെച്ച് മരിച്ചു. ഇതേതുടർന്ന് അടിയന്തര അന്വേഷണത്തിനും നടപടിക്കും അധികൃതർ ഉത്തരവിട്ടിരുന്നു. നായ്ശല്യം നേരിടുന്ന പ്രദേശവാസികൾക്ക് 940 ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.