ജുബൈൽ: മദ്യപ സംഘം നൽകിയ വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരി വിൽപന നടത്തിവന്ന പ്രധാന കണ്ണി അറസ്റ്റിലായി.
ജുബൈൽ ലേഡീസ് സ്‌കൂളിന് സമീപ പ്രദേശത്ത് മദ്യവിൽപന നടത്തിയിരുന്ന നേപ്പാൾ സ്വദേശി ഹരികുമാർ ആണ് ജുബൈൽ പൊലീസിെൻറ വലയിലായത്. കഴിഞ്ഞ ദിവസം മദ്യവുമായി വിൽപനക്കെത്തിയ ഇയാളെ ഉപഭോക്താവ് ചമഞ്ഞെത്തിയ പൊലീസ് വലയിലാക്കുകയായിരുന്നു. ഏറെ നാളായി മദ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഹരികുമാർ വിറ്റ മദ്യം കുടിച്ച പാകിസ്താൻ സ്വദേശികളായ മൂന്നംഗ സംഘം ഏതാനും ദിവസം മുമ്പ് ജുബൈൽ പൊലീസ് പിടിയിലായിരുന്നു.
ഇവരെ നിരന്തരമായി ചോദ്യം ചെയ്തുവെങ്കിലും മദ്യത്തിെൻറ ഉറവിടം പൊലീസിൽ നിന്നും മറച്ചുവെച്ചു. ഒടുവിൽ ഇവരിലൊരാൾ തങ്ങൾ മദ്യം ഹരികുമാറിെൻറ കയ്യിൽ നിന്നാണ് വാങ്ങിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ വിൽപന കേന്ദ്രങ്ങൾ മനസിലാക്കിയ പൊലീസ് വേഷം മാറിയാണ് ഹരികുമാറിനെ പിടികൂടിയത്.
രണ്ടുമാസം മുമ്പ് താനാണ് പാക്കിസ്ഥാനികൾക്ക് മദ്യം വിറ്റതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായി പരിഭാഷകൻ അബ്ദുൽ കരീം കാസിമി പറഞ്ഞു. ഹരികുമാറിന് മദ്യം എത്തിച്ചിരുന്ന മറ്റൊരു നേപ്പാൾ സ്വദേശി റാണ ബഹദൂറിനെ പൊലീസ് തിരയുകയാണ്.
ഹരികുമാറിൽ നിന്നുള്ള വിവരം അനുസരിച്ച് റാണ ബഹദൂറിനെ താമസ സ്ഥലത്തും ഇയാൾ പോകാറുള്ള മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഹരികുമാർ പിടിയിലായതറിഞ്ഞ റാണ ബഹാദൂർ രക്ഷപെട്ടതാവാമെന്ന് പൊലീസ് കരുതുന്നു.
കുപ്പി ഒന്നിന് 15 റിയാൽ നൽകി റാണയുടെ കയ്യിൽ നിന്നും വാങ്ങുന്ന മദ്യം 20 റിയാലിന് ആവശ്യക്കാർക്ക് നൽകുകയാണ് ഹരികുമാർ ചെയ്തുപോന്നത്. ജുബൈലിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ തൊഴിൽ സമയം കഴിഞ്ഞു സന്ധ്യമയങ്ങുന്നതോടെയാണ് കച്ചവടത്തിനായി പള്ളിക്കൂടത്തിന് സമീപം എത്തുക. ഹരികുമാറിൽ നിന്നും മറ്റുള്ള വിൽപനക്കാരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.