യാംബു ഗവർണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ സലിം ബിൻ അബിയാൻ അൽ ഹുതവിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം
യാംബു: കോവിഡ് പ്രതിസന്ധിമൂലം രാജ്യത്തെ സ്കൂൾതലം മുതൽ സർവകലാശാല വരെയുള്ള വിദ്യാർഥികളുടെ വിദൂര പഠനം ഒരു വർഷം പിന്നിടുന്നു. വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ് നൽകി ഓൺലൈൻ പഠനം രാജ്യത്ത് കാര്യക്ഷമമായി നടക്കുന്നതായും വിദ്യാർഥികൾക്ക് നവോന്മേഷം പകർന്നതായും വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി. വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച 'മദ്റസത്തീ'ഓൺലൈൻ പോർട്ടൽ വഴി രാജ്യത്തെ വിദൂരപഠനം കാര്യക്ഷമമായി നടക്കുന്നുണ്ട്.
ഇൻറർ മീഡിയറ്റ്, സെക്കൻഡറി തലങ്ങളിലുള്ള വിദ്യാർഥികൾക്ക് രാവിലെ ഒമ്പതു മുതലും പ്രാഥമിക തലത്തിലുള്ള വിദ്യാർഥികൾക്ക് വൈകീട്ട് മൂന്നു മുതലുമാണ് ഓൺലൈൻ ക്ലാസുകൾ. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദൂര പഠനത്തിെൻറ പരിശീലകർ തുടങ്ങി എല്ലാവരും ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമായി കൈകാര്യം ചെയ്തുകാണുന്നതിൽ മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിവര-സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയാൽ അവരുടെ പഠന നിലവാരം അന്താരാഷ്ട്ര തലത്തിലേക്കു മാറുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യക്തമായ മാസ്റ്റർ പ്ലാനിലൂടെ ഓരോ കലാലയങ്ങളും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ തുടരുന്നതിനും ബന്ധപ്പെട്ടവർക്ക് മന്ത്രാലയം പ്രത്യേകം നിർദേശങ്ങൾ നൽകി.
ഒരു വർഷം പിന്നിടുന്ന വിദൂര വിദ്യാഭ്യാസ പദ്ധതികളുടെ വിലയിരുത്തലുകൾ ഓരോ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയതായി റിപ്പോർട്ട് ചെയ്തു.വിദൂര വിദ്യാഭ്യാസ പദ്ധതികൾ വിദ്യാർഥികൾക്ക് പുതിയ സാങ്കേതികവിദ്യയിൽ ഏറെ പരിജ്ഞാനം നൽകിയതായും ലോകതലത്തിൽതന്നെ രാജ്യത്തിെൻറ ഡിജിറ്റൽ രംഗത്തുള്ള മികവ് എല്ലാവർക്കും പ്രചോദനം നൽകിയതായും യാംബു ഗവർണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ സലിം ബിൻ അബിയാൻ അൽ ഹുതവി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ തരണംചെയ്ത് നേട്ടം കൈവരിക്കാനും വിവര സാങ്കേതിക രംഗത്തെ വേറിട്ട അറിവുകൾ എല്ലാവർക്കും നേടാനും കോവിഡ് പ്രതിസന്ധിഘട്ടം വഴിവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്ററിലാണിപ്പോൾ. കോവിഡ് പ്രതിസന്ധിമൂലം വിദൂരപഠനംതന്നെ തുടരാൻ മന്ത്രാലയം നേരേത്ത തീരുമാനിച്ചിരുന്നു.കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമായിരിക്കും ക്ലാസ് മുറികൾ പഠനത്തിന് തുറന്നുകൊടുക്കുന്ന കാര്യം തീരുമാനിക്കുകയെന്നും രാജകീയ ഉത്തരവുപ്രകാരമാണ് വിദൂര പഠനം തുടരാൻ തീരുമാനിച്ചതെന്നും മന്ത്രാലയം നേരേത്ത വാർത്തക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.