മക്കയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ സന്ദർശനം നടത്തുന്നു
മക്ക: ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ മക്കയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകരുടെ സുരക്ഷക്കും ആരോഗ്യത്തിനുമായി സർക്കാർ നൽകുന്ന വലിയ പ്രാധാന്യവും ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിെൻറ ലക്ഷ്യങ്ങളും മുൻനിർത്തിയാണ് മന്ത്രിയുടെ ഈ പരിശോധന.
സെൻട്രൽ ഏരിയയിലെ പര്യടനത്തിനിടെ അജിയാദ് ആശുപത്രി, അൽജിവാർ ആശുപത്രി എന്നിവിടങ്ങളിലും ഇരുഹറം പരിപാലന അതോറിറ്റിയുടെ കീഴിലുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലും മന്ത്രി സന്ദർശനം നടത്തി. സ്വകാര്യ മേഖലയിലെ ആംബുലൻസ് സേവനങ്ങളുടെ പ്രവർത്തനക്ഷമത അദ്ദേഹം നേരിട്ട് വിലയിരുത്തി. കൂടാതെ കിങ് ഫൈസൽ ആശുപത്രി, മക്ക ജനറൽ ആശുപത്രി, കിങ് അബ്ദുൽ അസീസ് ആശുപത്രി, അൽനൂർ ആശുപത്രി, കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി എന്നിവിടങ്ങളിലും അദ്ദേഹം പരിശോധന നടത്തി.
അടിയന്തര ചികിത്സാ വിഭാഗങ്ങളുടെയും തീവ്രപരിചരണ വിഭാഗങ്ങളുടെയും സജ്ജീകരണം, ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രത്യേക പദ്ധതികൾ, ദ്രുത പ്രതികരണ സംവിധാനങ്ങൾ എന്നിവ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു. കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിെൻറ ഏകോപനവും ആംബുലൻസ് സേവനങ്ങളുടെ കാര്യക്ഷമതയും അദ്ദേഹം പരിശോധിച്ചു.
മക്കയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ സുസജ്ജമായ ഒരുക്കങ്ങൾക്ക് വലിയ മുൻഗണനയാണ് നൽകുന്നതെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. പ്രതിരോധം, ചികിത്സ, അടിയന്തര സേവനങ്ങൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് സേവന ശേഷി വർധിപ്പിക്കാനാണ് പ്രവർത്തന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടകർക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ-സാങ്കേതിക ജീവനക്കാരുടെ പൂർണ സന്നദ്ധതയും വിവിധ ആരോഗ്യ വിഭാഗങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തവും ഇതിലൂടെ സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.