ഇറ്റലിയിലെ മിലാനിൽനിന്ന്​ ‘ബിയോണ്ട്’ എന്ന ആഢംബര വിമാന കമ്പനിയുടെ ആദ്യ വിമാനം റെഡ്​ സീ എയർപ്പോർട്ടിലെത്തിയപ്പോൾ

യൂറോപ്പിൽനിന്ന് റെഡ് സീ എയർപ്പോർട്ടിലേക്ക്​​ നേരിട്ട്​ വിമാന സർവിസിന്​ തുടക്കം

റിയാദ്: യൂറോപ്പിൽനിന്ന് നേരിട്ടുള്ള ആദ്യ വിമാനം ചെങ്കടൽ തീരത്ത്​ സൗദിയുടെ പുതിയ ടൂറിസം മേഖലയിലെ റെഡ് സീ വിമാനത്താവളത്തിൽ ഇറങ്ങി.​ ‘വിഷൻ 2030’​ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖലയുടെ വികസനത്തിലും വളർച്ചയിലും ഇത് ഒരു പുതിയ നാഴികക്കല്ലാണെന്ന് റെഡ് സീ കമ്പനി അധികൃതർ വ്യക്തമാക്കി. വിനോദ യാത്രകളിൽ വൈദഗ്ദ്ധ്യം നേടിയ ലോകത്തിലെ ആദ്യത്തെ ആഢംബര എയർലൈനായ ‘ബിയോണ്ട്’ എന്ന വിമാനമാണ് ഇറ്റാലിയൻ നഗരമായ മിലാനിൽനിന്ന് പുറപ്പെട്ട് കഴിഞ്ഞ ദിവസം റെഡ് സീ വിമാനത്താവളത്തിൽ ഇറങ്ങിയത്​.

യൂറോപ്പിനും സൗദി ചെങ്കടൽ തീരത്തിനും ഇടയിൽ നേരിട്ടുള്ള ആദ്യത്തെ വ്യോമബന്ധമായി മാറി ഇത്​. ഈ പുതിയ റൂട്ട് യൂറോപ്യൻ യാത്രക്കാർക്ക് ചെങ്കടലിലെയും ‘അമാല’യിലെയും ടൂറിസം ലക്ഷ്യസ്ഥാനങ്ങളിൽ അനായാസമായും സൗകര്യപ്രദമായും എത്താൻ സഹായിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ആഢംബരപൂർണമായ യാത്രാനുഭവം ആസ്വദിക്കാനും ഇത്​ അവസരമേകുന്നു.

റിയാദിൽ നടന്ന ലോക ടൂറിസം ഉച്ചകോടിയിലാണ്​ പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തത്. രാജ്യത്തേക്ക് ആഢംബര യാത്രയുടെ പുതിയ യുഗത്തിന് നേതൃത്വം നൽകുന്ന പങ്കാളികൾ തമ്മിലുള്ള സഹകരണത്തി​ന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു ഇതെന്നും അധികൃതർ അഭിപ്രായപ്പെട്ടു. മിലാനിൽനിന്ന് നേരിട്ടുള്ള ഈ റൂട്ട് ആരംഭിക്കുന്നത് ഭാവിയിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.

ഇത് യൂറോപ്പുമായുള്ള ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നു. നൂതനവും അസാധാരണവുമായ ആഡംബര ടൂറിസം അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിന്​ ഞങ്ങളുടെ പദ്ധതികളെ സഹായിക്കുമെന്നും പഗാനോ പറഞ്ഞു. ആഡംബരവും സുസ്ഥിരവുമായ യാത്രാനുഭവങ്ങൾക്കായുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്ന ‘റെഡ് സീ’, ‘അമാല’ ലക്ഷ്യസ്ഥാനങ്ങളുമായി മിലാനെ നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെ എയർലൈൻ ആയതിൽ അഭിമാനമുണ്ടെന്ന് ‘ബിയോണ്ട്’ സി.ഇ.ഒയും ഡയറക്ടർ ബോർഡ് ചെയർമാനുമായ ടെറോ ടാസെല്ല പറഞ്ഞു. ഈ ചുവടുവെപ്പ് ഒരു സവിശേഷ ലക്ഷ്യസ്ഥാനത്തിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ്​.

ആഢംബര യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ നൽകുന്നതിനായി പൂർണമായും ഫ്ലാറ്റ് സീറ്റുകളുള്ള എയർബസ് എ 320 വിമാനങ്ങൾ ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് നോൺ-സ്​റ്റോപ് വിമാനങ്ങൾ എന്ന നിലയിലാണ് പുതിയ സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും ടാസെല്ല പറഞ്ഞു. ചെങ്കടലിലേക്കും അമാലയിലേക്കുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കവാടമാണ് റെഡ് സീ അന്താരാഷ്​ട്ര വിമാനത്താവളം. 2030 ഓടെ 1.5 കോടി സന്ദർശകരെ ആകർഷിക്കുക എന്ന വിഷൻ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഏറ്റവും ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് വികസിപ്പിച്ചത്.​

Tags:    
News Summary - Direct flight service from Europe to Red Sea Airport begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.