റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി/കോൺസുലേറ്റ് വഴി ലഭ്യമാകുന്ന പാസ്പോർട്ട്, മറ്റ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. ഇന്ന് (ജൂലൈ 1 ബുധൻ) മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് റിയാദ് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ 2026 ജൂൺ 25-ലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ചാണ് ഫീസ് പരിഷ്കരിച്ചിരിക്കുന്നത്. സാധാരണ പാസ്പോർട്ടുകൾ (ഓർഡിനറി), ജംബോ പാസ്പോർട്ടുകൾ, പാസ്പോർട്ട് പുതുക്കൽ, കേടുപാടുകൾ സംഭവിച്ചവയ്ക്ക് പകരമുള്ള പാസ്പോർട്ടുകൾ, എമർജൻസി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങൾക്കെല്ലാം പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കും.
പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 18 വയസ്സിന് മുകളിലുള്ളവർക്കും 15 നും 18 നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവർക്കും 10 വർഷത്തെ കാലാവധിയുള്ള 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 460 റിയാൽ ഫീസ് നൽകണം. ഇതേ പാസ്പോർട്ട് തത്കാൽ സേവനം വഴി ലഭിക്കാൻ 919 റിയാൽ നൽകേണ്ടതുണ്ട്. ഇതേ കാറ്റഗറിയിൽ 10 വർഷ കാലാവധിയുള്ള 60 പേജുകളുള്ള പാസ്‌പോർട്ടിന് 644 റിയാലും താത്കാലിന് 1103 റിയാലുമാണ് ഫീസ്. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അഞ്ച് വർഷത്തെ കാലാവധിയുള്ള പാസ്പോർട്ടിന് നിരക്ക് 331 റിയാലും തത്കാൽ നിരക്ക് 791 റിയാലുമാണ്. എട്ട് വയസിന് താഴെ പ്രായമുള്ളവരുടെ 36 പേജുകളുള്ള അഞ്ച് വർഷ കാലാവധിയുള്ള പാസ്പോർട്ട് നിരക്ക് 298 റിയാലും തത്കാൽ നിരക്ക് 712 റിയാളുമായിരിക്കും.
60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 36 പേജുള്ള പുതിയ പാസ്പോർട്ടിന് 414 റിയാൽ മതിയാകും. ഇതിന്റെ തത്കാൽ പ്രകാരമുള്ള നിരക്ക് 827 റിയാൽ ആണ്. പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, 10 വർഷത്തെ കാലാവധിയുള്ള 36 പേജുള്ള പുതിയ പാസ്പോർട്ടിന് മുതിർന്നവർക്ക് 919 റിയാൽ ഫീസ് നൽകണം. ഇതിന്റെ തത്കാൽ നിരക്ക് 1379 റിയാൽ ആയിരിക്കും. ഈ കാറ്റഗറിയിൽ 18 വയസിന് താഴെയുള്ള കുട്ടികളുടെ അഞ്ച് വർഷ കാലാവധിയുള്ള പാസ്പോർട്ടിന് 791 റിയാലും താത്കാലിന് 1250 റിയാലുമായിരിക്കും ഫീസ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയ്ക്ക് 147 റിയാലും എമർജൻസി സർട്ടിഫിക്കറ്റിന് 56 റിയാലും ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് 184 റിയാലുമാണ് പുതിയ നിരക്ക്.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് എംബസി/കോൺസുലേറ്റ് വെബ്സൈറ്റിൽ ലഭ്യമായ വിശദമായ പുതുക്കിയ ഫീസ് വിവരങ്ങൾ പരിശോധിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണമെന്ന് എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കോ വ്യക്തതയ്‌ക്കോ എംബസിയുടെ കോൺസുലാർ, പാസ്പോർട്ട് വിഭാഗവുമായി cons1.riyadh@mea.gov.in എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.