1)റിയാദ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ ഒന്ന്, രണ്ട് വികസന പദ്ധതി ഉദ്യോഗസ്ഥർ ഡെപ്യൂട്ടി ഗവർണർക്ക് വിശദീകരിച്ചു കൊടുക്കുന്നു 2)ഡ്രൈവറില്ലാ വാഹനത്തിൽ റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, ഗതാഗത
ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസർ എന്നിവർ
റിയാദ്: ഡ്രൈവറില്ലാ വാഹനത്തിൽ (ഓട്ടോണമസ് വെഹിക്കിൾ) സഞ്ചരിച്ച് റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് നിരവധി വികസന പദ്ധതികൾ വീക്ഷിച്ചു. ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസറിനൊപ്പമാണ് ഡെപ്യൂട്ടി ഗവർണർ റിയാദിലെ തെരുവുകളിലൂടെ സ്വയം ഓടുന്ന വാഹനത്തിൽ സഞ്ചരിച്ച് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി വികസന പദ്ധതികൾ പരിശോധിച്ചത്.
റോഷൻ ഫേസഡ് മുതൽ എയർപോർട്ട് ടെർമിനലുകൾ വരെ സ്വയം ഓടുന്ന വാഹനമാണ് ഡെപ്യൂട്ടി ഗവർണർ യാത്രക്ക് ഉപയോഗിച്ചത്. കഴിഞ്ഞ മാസമാണ് പൊതുഗതാഗത അതോറിറ്റി റിയാദിലെ നിരവധി സ്ഥലങ്ങളിലും റോഡുകളിലും സെൽഫ് ഡ്രൈവിങ് വാഹന സേവനങ്ങളുടെ ആദ്യ നടപ്പാക്കൽ ഘട്ടം ആരംഭിച്ചത്.
വിമാനത്താവളത്തിലെത്തിയ ഡെപ്യൂട്ടി ഗവർണർ അവിടെ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികൾ കണ്ടു. വിമാനത്താവള ഓപറേഷൻ നിയന്ത്രണ കേന്ദ്രം പരിശോധിച്ചു. ഏറ്റവും പുതിയ പ്രവർത്തന സംവിധാനങ്ങളെയും കൃത്രിമബുദ്ധിയെയും ഉപയോഗിച്ച് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രത്തിന്റെ നിർണായക പങ്കിനെക്കുറിച്ച് എൻജിനീയർ അൽജാസർ വിശദമായ വിശദീകരണം ഡെപ്യൂട്ടി ഗവർണർക്ക് നൽകി. അന്താരാഷ്ട്ര ടെർമിനൽ ഒന്ന്, രണ്ട് എന്നിവയുടെ വികസന പദ്ധതി ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു.
വിമാനത്താവളത്തിലെത്തിയ ഡെപ്യൂട്ടി ഗവർണറെ സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുവൈലേജ്, റിയാദ് എയർപോർട്ട്സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഗാസി അൽറാവി, എയർപോർട്ട്സ് ഹോൾഡിങ് കമ്പനി സി.ഇ.ഒ റാഇദ് അൽഇദ്രീസി, റിയാദ് എയർപോർട്ട്സ് കമ്പനി സി.ഇ.ഒ അയ്മൻ അബു ഉബാഅ്, നിരവധി വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.