പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റി പ്രതിനിധികൾ കോഴിക്കോട് ലോക്സഭാംഗം എം.കെ. രാഘവന് പാസ്പോർട്ട് സേവനങ്ങളിലെ കാലതാമസം സംബന്ധിച്ച് നിവേദനം കൈമാറുന്നു

സൗദിയിലെ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസം എം.കെ. രാഘവൻ എം.പിക്ക് പ്രവാസി വെൽഫെയർ നിവേദനം നൽകി

ദമ്മാം: സൗദി അറേബ്യയിൽ പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് സേവനങ്ങളിലെ കടുത്ത കാലതാമസം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റി കോഴിക്കോട് ലോക്സഭാംഗം എം.കെ. രാഘവൻ എം.പിക്ക് നിവേദനം കൈമാറി.

പാസ്‌പോർട്ട് പുതുക്കുന്നതിനും മറ്റ് അനുബന്ധ സേവനങ്ങൾക്കുമായി വി.എഫ്.എസ് അപ്പോയിൻറ്​മെൻറ്​ ലഭിക്കുന്നതിലുണ്ടാകുന്ന താമസം പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ഇതിനുപുറമേ, അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാലും പുതിയ പാസ്‌പോർട്ട് കൈപ്പറ്റുന്നതിനായി വലിയ രീതിയിൽ കാത്തിരിക്കേണ്ടി വരുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടിവരുന്ന യാത്രക്കാർക്ക് നിലവിലെ ഈ സാഹചര്യം വലിയ പ്രയാസമാണ് സൃഷ്​ടിക്കുന്നത്.

സാധാരണ രീതിയിൽ പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിച്ചിരുന്ന പ്രവാസികൾ പോലും, തങ്ങളുടെ അവധിക്കാലത്തെ യാത്ര മുടങ്ങാതിരിക്കാൻ വേണ്ടി മാത്രം വലിയ തുക അധികം നൽകി തത്കാൽ സംവിധാനത്തെ ആശ്രയിക്കാൻ നിലവിൽ നിർബന്ധിതരാവുകയാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി വി.എഫ്.എസ് വെബ്‌സൈറ്റ് സന്ദർശിച്ചാൽ അപ്പോയിൻറ്​മെൻറുകൾ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ്, അതും മൂന്നും നാലും ആഴ്ചകൾക്ക് ശേഷമുള്ള തീയതികളെങ്കിലും ലഭ്യമാകുന്നത് എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

പ്രവാസി വെൽഫെയർ ഫോറം കേരള പ്രസിഡൻറ്​ അസ്‌ലം ചെറുവാടി, ജില്ലാ പ്രസിഡൻറ്​ സലാഹുദീൻ ചേളന്നൂർ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ്​ മുസ്തഫ പാലാഴി, കോർപ്പറേഷൻ പ്രസിഡൻറ്​ ടി.സി. സജീർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് എം.കെ. രാഘവൻ എം.പിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പ്രവാസികളുടെ ഈ ആശങ്കയറിയിച്ച് നിവേദനം സമർപ്പിച്ചത്.

Tags:    
News Summary - Delay in passport services in Saudi Arabia; Pravasi Welfare submits representation to MP M.K. Raghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.