റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും വലിയ ആശ്വാസമേകി, വർക്ക് പെർമിറ്റ് (തൊഴിൽ അനുമതി) സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വർക്ക് പെർമിറ്റ് കാലാവധി മൂന്ന് മാസത്തിലേറെ കഴിഞ്ഞവർക്ക് സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഇളവുകാലാവധി ഇന്ന് (ജൂൺ 30) അവസാനിക്കാനിരിക്കെയാണ് ആറ് മാസം കൂടി നീട്ടിയ പുതിയ തീരുമാനം. ഒട്ടനവധി പ്രവാസികൾക്ക് തങ്ങളുടെ തൊഴിൽ രേഖകൾ കൃത്യമാക്കാനും നിയമനടപടികളിൽ നിന്ന് ഒഴിവാകാനും സഹായിക്കുന്നതാണ് ഇത്.
വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് 12 മാസത്തിൽ കൂടുതൽ ആയവർ, പുതിയ തൊഴിലുടമയുടെ കീഴിൽ എത്തി ആറ് മാസം കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് ലഭിക്കാത്തവർ എന്നിവരുടെ സ്റ്റാറ്റസ് ശരിയാക്കുന്നതിനാണ് ഇപ്പോൾ ഈ വർഷാവസാനം വരെ സമയം അനുവദിച്ചിരിക്കുന്നത്.
സ്പോൺസർഷിപ്പ് മാറ്റം അടക്കമുള്ള പ്രതിസന്ധികളിൽ അകപ്പെട്ട് ഇഖാമ പുതുക്കാൻ കഴിയാതെ ആശങ്കയിലായിരുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് ഈ ഇളവ് വലിയ തണലാകും. തൊഴിൽ വിപണിയിലെ നിയമപാലനം കൂടുതൽ ശക്തമാക്കുക, തൊഴിൽ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുക, സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിെൻറ ഈ നടപടി.
നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ ഭൂരിഭാഗം സ്ഥാപനങ്ങളും ജീവനക്കാരും കാണിച്ച മികച്ച പ്രതികരണമാണ് സമയപരിധി നീട്ടി നൽകാൻ കാരണമായതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, നീട്ടിനൽകിയ സമയപരിധിക്കുള്ളിൽ തന്നെ തൊഴിലുടമകളും ജീവനക്കാരും വർക്ക് പെർമിറ്റുകൾ പുതുക്കുകയോ കൈപ്പറ്റുകയോ ചെയ്യണമെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. ഈ നിശ്ചിത സമയത്തിനുള്ളിൽ പദവി ശരിയാക്കുന്നതിൽ പരാജയപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.