റിയാദ്: സൗദി അറേബ്യയിൽ നികുതി പിഴകൾ ഒഴിവാക്കാനുള്ള ആനുകൂല്യത്തിന്റെ കാലാവധി വീണ്ടും നീട്ടി. നികുതിദായകർക്ക് തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കുന്നതിനും ഇളവുകൾ പ്രയോജനപ്പെടുത്തുന്നതിനുമായി പദ്ധതിയുടെ കാലാവധി 2026 ഡിസംബർ 31 വരെയാണ് നീട്ടിനൽകിയിരിക്കുന്നത്.
സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഈ വർഷം ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള ആറുമാസക്കാലത്തേക്ക് കൂടിയാണ് ഈ ആനുകൂല്യം ലഭ്യമാകുക. എല്ലാ നികുതി സംവിധാനങ്ങളിലുമുള്ള വൈകിട്ടുള്ള രജിസ്ട്രേഷൻ, നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിലെ താമസം, വൈകിയുള്ള പണമടക്കൽ, നികുതി റിട്ടേൺ തിരുത്തുന്നതുമായി ബന്ധപ്പെട്ട പിഴകൾ എന്നിവയിൽ നിന്നെല്ലാം നികുതിദായകർക്ക് ഇതിലൂടെ ഇളവ് ലഭിക്കും. എന്നാൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകൾക്ക് ഈ ആനുകൂല്യം ബാധകമല്ല.
ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി നികുതിദായകർ നികുതി സംവിധാനത്തിൽ കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കണം. അതോടൊപ്പം, സമർപ്പിക്കാനുള്ള എല്ലാ നികുതി റിട്ടേണുകളും പൂർണമായി സമർപ്പിക്കുകയും കുടിശ്ശികയുള്ള നികുതിയുടെ യഥാർത്ഥ തുക (മുതൽ) പൂർണ്ണമായും അടച്ചുതീർക്കുകയും ചെയ്യേണ്ടതുണ്ട്.
കുടിശ്ശിക ഒറ്റത്തവണയായി അടച്ചുതീർക്കാൻ സാധിക്കാത്തവർക്ക് ഇളവ് കാലാവധിക്കുള്ളിൽ അതോറിറ്റിക്ക് ഇൻസ്റ്റാൾമെന്റ് പ്ലാനിനായി അപേക്ഷിക്കാവുന്നതാണ്. അതോറിറ്റി അംഗീകരിക്കുന്ന തവണ വ്യവസ്ഥകൾ പാലിച്ച്, നിശ്ചിത തീയതികളിൽ തന്നെ ഗഡുക്കൾ കൃത്യമായി അടച്ചുതീർക്കുന്നവർക്കും ഈ പിഴ ഇളവിന് അർഹതയുണ്ടായിരിക്കും.
അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിലുള്ള പിഴകൾക്ക് ഈ ഇളവ് ബാധകമല്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകൾ, 2026 ജൂൺ 30-ന് ശേഷം അതോറിറ്റിക്ക് സമർപ്പിക്കേണ്ട പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ, മൂല്യവർധിത നികുതി (വാറ്റ്) നിയമത്തിലെ ആർട്ടിക്കിൾ 45 പ്രകാരം ചുമത്തിയ പിഴകൾ എന്നിവ ഈ പദ്ധതിയുടെ പരിധിയിൽ വരില്ല. കൂടാതെ, ഈ ആനുകൂല്യം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഇതിനകം അടച്ചുതീർത്ത പിഴത്തുക തിരികെ ലഭിക്കുകയുമില്ല.
രാജ്യത്തെ സ്വകാര്യ സംരംഭകർക്ക് വലിയ ആശ്വാസം പകരുന്ന ഈ പദ്ധതി 2022 ജൂൺ മുതലാണ് മന്ത്രാലയം നടപ്പിലാക്കി തുടങ്ങിയത്. നികുതിദായകർക്ക് തങ്ങളുടെ ബാധ്യതകൾ എളുപ്പത്തിൽ തീർക്കുന്നതിനും, രാജ്യത്തെ ധന-നികുതി നയങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. പ്രഖ്യാപിത കാലാവധിക്കുള്ളിൽ നികുതിദായകർ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അതോറിറ്റി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.