ദമ്മാം: കുതിരകളെ കുറിച്ച് പറയാൻ ഡാന അൽ ഗൊസൈബി എന്ന സൗദി വനിതക്ക് ആയിരം നാവാണ്. വിവരമില്ലാത്തവരെ ‘കുതിരെ’ എന്നൊന്നും വിളിക്കുന്നത് അവർക്ക് സഹിക്കാനാവില്ല. കുതിരക്ക് കൊമ്പ് കൊടുക്കാത്തത് അഹങ്കാരം ‘ഭയ’ന്നാവുമെന്നും ഡാന വിശ്വസിക്കില്ല. കുഞ്ഞുങ്ങളേ പോലെ സ്നേഹിച്ചും പരിലാളിച്ചും വളർത്തി വലുതാക്കേണ്ട മൃഗമാണിതെന്നാണ് അവരുടെ പക്ഷം. നമ്മൾ കേട്ടറിഞ്ഞ പോലെ മുതിരയല്ല കുതിരയുടെ ഭക്ഷണം. കാരക്കയും ആപ്പിളും കാരറ്റുമൊക്കെയാണ്.
കാരക്കയുടെ കുരു കുതിരക്കിഷ്ടമാണത്രെ. പഞ്ചസാരയും കരിമ്പുമൊന്നും കൊടുത്തേക്കരുത്. ഷുഗർ കുതിരയെ വേഗം രോഗിയാക്കും.
അതിെൻറ മനമറിഞ്ഞ് പരിശീലിപ്പിക്കണം. ഇഷ്ട ഭക്ഷണം ഏതെന്നറിയണം. കുതിരേയാട്ടം വെറുമൊരു വിനോദമല്ലെന്ന് ഡാന പറയും. മനുഷ്യന് ക്ഷമ, സഹനം, ധീരത, വീരശൂരത്വം, നിസ്വാർഥത തുടങ്ങിയ ഗുണങ്ങൾ നേടിയെടുക്കാൻ കുതിരകളുമായുള്ള സഹവാസവും കുതിരയഭ്യാസവും കൊണ്ട് കഴിയുമെന്ന് ഇൗ മുപ്പത്തഞ്ചുകാരി അറബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ‘ഹോഴ്സ് ട്രെയിനർ’ പദവിയുള്ള ഡാന കുതിരയുടെ മനഃശാസ്ത്രവും ശരീര ശാസ്ത്രവും പഠിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. നാലാം വയസിൽ പിതാവാണ് ഇൗ സൗഹൃദത്തിന് വഴിയൊരുക്കിയത്. കുഞ്ഞു ഡാനയെ പിതാവ് കുതിരയോട്ടം പരിശീലിപ്പിച്ചു.
അന്നു മുതൽ അവൾ മനസ്സിലാക്കി, ഒാരോ കുതിരയോടും എങ്ങനെ സഹവസിക്കണം, പരിശീലിപ്പിക്കണം, പെരുമാറണം എന്നൊക്കെ. ദമ്മാമിലും ബഹ്റൈനിലുമൊക്കെയായിരുന്നു പരിശീലനം. പുരുഷൻമാർക്ക് മാത്രം ആധിപത്യമുണ്ടായിരുന്ന കുതിരയോട്ടത്തിൽ അങ്ങനെ ഡാനയും കൈവെച്ചു. സൗദി അറേബ്യയിലെ വനിതകൾക്ക് കുതിരയോട്ടം നന്നായി വഴങ്ങുമെന്ന് ഡാന അഭിപ്രായപ്പെട്ടു. എല്ലാ കുതിരകളെയും ഒരുേപാലെ മെരുക്കിയെടുക്കാനാവില്ല. പലതിനും പല പ്രകൃതമാണ്. ചിലത് ഇണങ്ങാൻ വലിയ പാടായിരിക്കും. ഒരാഴ്ച കൊണ്ട് മെരുങ്ങുന്നവയുമുണ്ട്. ചിലത് മാസത്തിലധികമെടുക്കും. ശ്രദ്ധിച്ചില്ലെങ്കിൽ കടിയും തൊഴിയുമേൽക്കും.
ചിലത് മെരുങ്ങാൻ ക്ഷമയും പ്രത്യേക പരിചരണവും വേണ്ടി വരും. ഒാരോ കുതിരയെയും നമുക്ക് എളുപ്പത്തിൽ മെരുക്കിയെടുക്കാം, അതിെൻറ ചരിത്രം പഠിച്ചാൽ. ചിലത് ബുദ്ധിയും സാമർഥ്യവുമുള്ളവയായിരിക്കും ചിലതിന് ഇതൊന്നുമുണ്ടായെന്നു വരില്ല. ഏത് ഗണത്തിൽ പെട്ടതാണെന്ന് ആദ്യം പഠിക്കണം. നിരവധി കുതിരയോട്ട മത്സരങ്ങളിൽ പെങ്കടുത്തിട്ടുണ്ട് ഡാന. അമേരിക്കൻ, അറബ്, ജർമൻ കുതരകളാണ് മികച്ചത്. രണ്ട് കുതിരകളുണ്ട് സ്വന്തമായി. കുതിരകൾക്കും വീടുകളൊരുക്കണമെന്നാണ് ഡാനക്ക് അധികൃതരോട് ആവശ്യപ്പെടാനുള്ളത്. അനാരോഗ്യകരമായ മത്സരം, പീഡനം എന്നിവ കുതിരകൾക്ക് നേരെ അരുത്. വിജയത്തിന് വേണ്ടി എത്ര ക്രുരമായും കുതിരകളെ പീഡിപ്പിക്കുന്ന മനഃസ്ഥിതി അരുതെന്നും ഡാന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.