ദമാം: ശനിയാഴ്ച രാത്രി ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയർവേസ് വിമാനം മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനെത്തിയവർ ഉൾപ്പെടെ 13 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. രാത്രി 11.55 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. തിരക്കേറിയ സമയമായതിനാൽ പലരും രാത്രി എട്ടുമണിയോടെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
11.30 ഒാടെ വിമാനം വൈകുമെന്നും 12.35 ന് മാത്രമേ പുറപ്പെടുകയുള്ളുവെന്നും അറിയിപ്പ് വന്നു. പക്ഷേ, കനത്ത മൂടൽമഞ്ഞായതിനാൽ വിമാനം എത്തിയിട്ടില്ലെന്നും യാത്ര റദ്ദാക്കുകയാണെന്നും ഒരു മണിയോടെ യാത്രക്കാരെ അറിയിച്ചു. റീ എൻട്രിയിൽ പോകാനെത്തിയവരോട് പിന്നീട് വിവരം അറിയിക്കാമെന്ന് പറഞ്ഞ് വിമാനത്താവളത്തിന് പുറത്തു പോകാൻ അനുവദിച്ചു. പക്ഷേ, ഫൈനൽ എക്സിറ്റിൽ ഉള്ളവരോട് വിമാനത്താവത്തിൽ തന്നെ ഇരിക്കാൻ നിർദേശിച്ചു.
ഞായറാഴ്ച ഉച്ചക്ക് ഒന്നര വരെയും പ്രത്യേകിച്ച് എന്തെങ്കിലും അറിയിപ്പ് അവർക്ക് നൽകിയിട്ടില്ല. അവർക്ക് വേണ്ട ഭക്ഷണമോ വെള്ളമോ മറ്റ് അവശ്യ സംവിധാനങ്ങളോ ഒരുക്കാനും െജറ്റ് എയർവേസ് അധികൃതർ തയാറായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. ഏതാണ്ട് 30 ലേറെ ഇത്തരം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
രാവിലെയോടെ വ്യോമഗതാഗതം പുനഃരാരംഭിക്കുകയും നിരവധി വിമാനങ്ങൾ വരികയും പോകുകയും ചെയ്തിട്ടും തിരുവനന്തപുരം വിമാനം എപ്പോൾ പുറപ്പെടുമെന്ന് അറിയിക്കാൻ പോലും എയർവേയ്സ് അധികൃതർ തയാറായിട്ടില്ല. കാര്യങ്ങൾ തിരക്കാൻ വിമാനത്താവളത്തിൽ വിമാന കമ്പനി ഉദ്യോഗസ്ഥരെ ആരെയും കാണാനുമില്ലെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.