ജുബൈലിൽ ആവേശക്കരുത്തി​െൻറ വിളംബരം; സി.ബി.എസ്.ഇ ക്ലസ്​റ്റർ മീറ്റിൽ ദമ്മാം ഇന്ത്യൻ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ജുബൈൽ: കൗമാര കായിക പ്രതിഭകളുടെ അത്യന്തം വാശിയേറിയ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 34-ാമത് സൗദി ചാപ്റ്റർ സി.ബി.എസ്.ഇ ക്ലസ്​റ്റർ മീറ്റിന് ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പ്രൗഢഗംഭീരമായ സമാപനമായി. സൗദിയിലെ 40-ാഒളം സ്കൂളുകൾ പങ്കെടുത്ത സോണൽ തല മത്സരങ്ങളിൽ നിന്ന് കടുത്ത പോരാട്ടങ്ങളിലൂടെ യോഗ്യത നേടിയ 20 സ്കൂളുകളാണ് ഈ കായിക മാമാങ്കത്തിൽ മാറ്റുരച്ചത്.

ഫുട്ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, ബാഡ്മിൻറൺ, അത്‌ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിലായി തങ്ങളുടെ കായിക മികവ് തെളിയിക്കാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളാണ് ജുബൈലിൽ എത്തിയത്.

തീപാറുന്ന മത്സരങ്ങൾക്കൊടുവിൽ 349 പോയിൻറുകൾ നേടിയ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. 301 പോയി​േൻറാടെ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും, 226 പോയിൻറ്​ നേടി ആതിഥേയരായ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

 

സമാപന ചടങ്ങിൽ ദമ്മാം ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ സുനിൽ പീറ്റർ മുഖ്യാതിഥിയായിരുന്നു. ജുബൈൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ. ശ്രീനിവാസ് എൽ. നിധി, സൗദി ചാപ്റ്റർ കൺവീനറും ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പലുമായ മുഹമ്മദ് അമീർ ഖാൻ, അൽമുന സ്കൂൾ പ്രിൻസിപ്പൽ പി. നൗഫൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കായിക വിനോദം മനുഷ്യരെ ഒന്നിപ്പിക്കുകയും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ കുട്ടികൾക്ക് പ്രചോദനമാവുകയും ചെയ്യുമെന്ന് ജുബൈൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധു പറഞ്ഞു. ഇത്തരം മത്സരങ്ങൾ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ കരുത്ത് പകരുകയും ഒരേ വേദിയിൽ ഒത്തുചേരുമ്പോൾ കുട്ടികൾ തമ്മിലുള്ള സഹകരണവും സ്നേഹവും വർദ്ധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ബദർ മെഡിക്കൽ സെൻറർ, ഗൾഫ് ഏഷ്യ, കിംസ് ഹെൽത്ത് എന്നിവർ മത്സരങ്ങളിലുടനീളം ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ക്ലസ്​റ്റർ മീറ്റി​െൻറ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഡോ. നിഷ മധുവിനെ സി.ബി.എസ്.ഇ ഒബ്സർവർ ഖാൻ അഷ്വഖ് അലി (റിയാദ് ഇന്ത്യൻ സ്‌കൂൾ) പ്രത്യേകം അഭിനന്ദിച്ചു.

Tags:    
News Summary - Dammam Indian School wins overall championship in CBSE cluster meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.