റിയാദ്: വിധി കവർന്നെടുത്ത സ്വന്തം കൺമണിയുടെ ഓർമകളെ മറ്റുള്ളവരിലൂടെ ജീവിപ്പിക്കാൻ ഒരു കുടുംബം എടുത്ത മാതൃകാപരമായ തീരുമാനം നാല് മനുഷ്യർക്ക് സമ്മാനിച്ചത് പുതുജീവിതം. മസ്തിഷ്ക മരണം സംഭവിച്ച ആറ് വയസ്സുകാരനായ സൗദി ബാലനാണ് മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമായി മാറിയത്. അഗാധമായ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഉദാരമനസ്കതയിലാണ് നാല് പേർക്ക് മടങ്ങിവരവിന് വഴിയൊരുങ്ങിയത്.
ബുറൈദയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയുമായി സഹകരിച്ച് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ നടത്തിയ സങ്കീർണമായ നാല് ശസ്ത്രക്രിയകളിലൂടെയാണ് ഈ അദ്ഭുതം സാധ്യമായത്. ആ പിഞ്ചുകുഞ്ഞിെൻറ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദീർഘനാളായി രോഗശയ്യയിലായിരുന്നവർക്ക് ജീവെൻറ തുടിപ്പേകിയത്.
കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന 10 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനാണ് ബാലെൻറ ഹൃദയം വെച്ചുപിടിപ്പിച്ചത്. കരൾ തകരാറിലായിരുന്ന എട്ട് വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ, വൃക്കസ്തംഭനം മൂലം നിരന്തരം ഡയാലിസിസിന് വിധേയരായിരുന്ന 21-ഉം 37-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് വൃക്കകൾ പുതുജീവൻ നൽകിയത്. ഇതോടെ ദീർഘനാളായി ദുരിതമനുഭവിച്ചിരുന്ന ഈ നാല് രോഗികളുടെയും ജീവിതത്തിലേക്കാണ് പ്രകാശം തിരിച്ചെത്തിയത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മുൻഗണനകൾ കൃത്യമായി വിലയിരുത്തി, പൂർണമായ സുതാര്യതയോടെയാണ് അവയവങ്ങൾ വിതരണം ചെയ്തതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ ഖൗഫി വ്യക്തമാക്കി. വിവിധ ആരോഗ്യവിഭാഗങ്ങളുടെ കൃത്യമായ ഏകോപനത്തിെൻറയും സംയുക്ത സഹകരണത്തിെൻറയും ഫലമാണ് ഈ വലിയ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണീർക്കടലിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വലിയ മനസ്സ് കാണിച്ച ആ കുരുന്നിെൻറ കുടുംബത്തോട് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ ഡയറക്ടർ തങ്ങളുടെ കടപ്പാടും ആദരവും രേഖപ്പെടുത്തി. മാതൃകാപരമായ ഈ പുണ്യപ്രവർത്തിക്ക് അവർക്ക് ഇഹലോകത്തിലും പരലോകത്തിലും ഉചിതമായ പ്രതിഫലം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.