ജിദ്ദ: സൗദിയിൽ കോവിഡ് ബാധ ഇപ്പോഴും ഉയർന്ന തോതിലാണെന്നും കോവിഡ് ബാധിച്ചവരിൽ 55 ശതമാനം സ്ത്രീകളാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കവെയാണ് ആരോഗ്യ വക്താവ് ഇക്കാര്യംപറഞ്ഞത്.
കുത്തിവെപ്പെടുത്ത സ്ത്രീകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവാണ്. റമദാനിൽ റസ്റ്റോറൻറുകളിൽ കോവിഡ് മുൻകരുതൽ ലംഘിച്ചുള്ള പെരുമാറ്റങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മുൻകരുതൽ നടപടികൾ ഏറ്റവും ഉയർന്നരീതിയിൽ പാലിക്കണമെന്ന് വക്താവ് ഊന്നിപ്പറഞ്ഞു.
വീടുകളിലും വിശ്രമകേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ അലംഭാവം കോവിഡ് ബാധ കൂടാൻ കാരണമായിട്ടുണ്ട്. 2021 തുടക്കത്തിലേതിനേക്കാൾ കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും വളരെ ഉയർന്നതാണ്.
ഇതുവരെ അപ്രതീക്ഷിതമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. നോമ്പ് സമയത്ത് കോവിഡ് കുത്തിവെപ്പെടുക്കുന്നതിലൂടെ നോമ്പ് മുറിയില്ലെന്ന് ഗ്രാൻറ് മുഫ്തി പറഞ്ഞ കാര്യവും ആരോഗ്യ വക്താവ് സൂചിപ്പിച്ചു. രാജ്യത്തെ കോവിഡ് ലാബോറട്ടറി പരിശോധനകളുടെ എണ്ണം 16 ദശലക്ഷം കവിഞ്ഞിട്ടുണ്ട്. കോവിഡ് വാക്സിൻ രണ്ടാം ഡോസിന്റെ തീയതി സംബന്ധിച്ച സന്ദേശം ആളുകളിലേക്ക് എത്തും. ഇതിനായി നടപടികൾ പൂർത്തിയാക്കേണ്ടതില്ല.
കുത്തിവെപ്പിന് ബുക്ക് ചെയ്തവർ സേവനം നഷ്ടപ്പെടാതിരിക്കാൻ നിശ്ചിത സമയത്ത് അതിനായുള്ള കേന്ദ്രങ്ങളിലെത്തണം. ഇല്ലെങ്കിൽ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും. ഗുരുതര കോവിഡ് കേസുകളിൽ പകുതിയും പ്രായമുള്ളവരാണ്. കുത്തിവെപ്പെടുക്കാൻ പ്രായം കൂടിയവർ മുന്നോട്ടുവരണം. വാണിജ്യ സ്ഥാപന ഉടമകൾ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.