ദമ്മാം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ തീർഥാടകർക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ചില വിമാന കമ്പനികൾ സർവിസ് വെട്ടിച്ചുരുക്കുന്നു. കേരളത്തിൽനിന്ന് സൗദിയിലേക്ക് സർവിസ് നടത്തുന്ന ഗോ എയർ വിമാനം മാർച്ച് നാല് മുതൽ 14 വരെയുള്ള സർവിസുകൾ റദ്ദുചെയ്തു.
കോഴിക്കോട്ട് നിന്നും ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള സൗദി എയർലൈൻസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാനകമ്പനികൾ ചില സർവിസുകൾ വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.
ബിസിനസ് വിസക്കാർക്കും വിസിറ്റിങ് വിസക്കാർക്കും സൗദിയിൽ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും വിമാന കമ്പനികൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്നും ഇത്തരക്കാരെ സ്വീകരിക്കാൻ തയാറാകുന്നില്ല.
ഏതാണ്ട് എല്ലാ വിമാന കമ്പനികളും മാർച്ച് 13 വരെയുള്ള ഷെഡ്യൂളുകളിൽ മാറ്റംവരുത്തിയിരിക്കുകയാണ്. ദമ്മാമിൽ നിന്നും കണ്ണൂരിലേക്കുള്ള ഗോ എയർ വിമാന സർവിസുകൾ ബുധനാഴ്ച മുതൽ നിർത്തിവെക്കുമെന്നും ഒരാഴ്ചത്തേക്ക് മാത്രമാണ് സർവിസ് നിർത്തുന്നതെന്നും ഗോ എയർ സീനിയർ ഇൻറർനാഷനൽ ഒാപറേഷൻസ് ജനറൽ മാനേജർ ജലീൽ ഖാലിദ് പറഞ്ഞു.
ഈ സമയങ്ങളിൽ ഗോ എയറിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്തവർ ഓഫിസുമായി ബന്ധപ്പെട്ട് യാത്ര പുനർനിശ്ചയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.