ജിദ്ദ: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 27 ലക്ഷത്തിലധികം ആംഫെറ്റാമൈൻ ലഹരി ഗുളികകൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പിടികൂടി. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം വഴി പ്രിൻറിങ് പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇതിൽ മൂന്ന് സൗദി പൗരന്മാരും രണ്ട് വിദേശികളും ഉൾപ്പെടുന്നു. റിയാദ്, കിഴക്കൻ പ്രവിശ്യ, അൽ ജൗഫ് എന്നിവിടങ്ങളിൽ ലഹരിമരുന്ന് ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. പിടിയിലായ വിദേശികൾ നേരത്തെ നാടുകടത്തപ്പെട്ടവരാണെന്നും അധികൃതർ വ്യക്തമാക്കി.
നൂതന സുരക്ഷ സാങ്കേതിക വിദ്യകളും കർശനമായ പരിശോധനാ രീതികളും ഉപയോഗിച്ചാണ് ഷിപ്പ്‌മെന്റിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് കസ്റ്റംസ് വിഭാഗം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെയും ലഹരിമരുന്നും തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന് കൈമാറി.
രാജ്യത്തെ യുവാക്കളുടെ സുരക്ഷക്ക് ഭീഷണിയായ ലഹരിക്കടത്ത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. അതിർത്തികളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ലഹരിക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.