പകർപ്പവകാശ നിയമം സൗദിയിൽ കർശനമാക്കുന്നു

വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളോ ഓഡിയോ-വിഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍വരും

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിലെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രിസഭ യോഗം അംഗീകരിച്ച പകര്‍പ്പവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിയമങ്ങളും ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പുറത്തിറക്കി. 31 ആര്‍ട്ടിക്കിളുകളാണ് ഇതിലുള്ളത്. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇതിനാവശ്യമായ ലൈസന്‍സ് എടുക്കേണ്ട രീതികളും നിയമം ലംഘിച്ചവര്‍ക്കുള്ള ശിക്ഷയുമെല്ലാം വിശദമായി ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളോ ഓഡിയോ-വിഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍വരും. വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മെയിന്റനൻസ് നടത്തിയാലും നിയമലംഘനമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാര്‍ ചെയ്താല്‍ സ്ഥാപനമേധാവികളുടെ അറിവും സമ്മതവും ഇതിനുണ്ടെന്ന് ബോധ്യമായാല്‍ സ്ഥാപനങ്ങള്‍ ഉത്തരവാദികളാവും. പകര്‍പ്പവകാശ നിയമത്തിലൂടെ സംരക്ഷിതമായ സൃഷ്ടികള്‍ പുനര്‍നിര്‍മിക്കുക, വില്‍ക്കുക, ഇറക്കുമതി ചെയ്യുക, വിതരണം ചെയ്യുക, കൈമാറ്റം ചെയ്യുക, പ്രസിദ്ധീകരിക്കുക, വാടകക്കെടുക്കുക തുടങ്ങിയവയെല്ലാം പകര്‍പ്പവകാശ നിയമലംഘനമാവും. സാഹിത്യ കൃതികളുടെ ചോരണം സംബന്ധിച്ച നിയമവും ഇതില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഡിസ്‌പ്ലേ സംവിധാനം നല്‍കുന്ന സ്ഥാപനങ്ങള്‍, അവയുടെ ഉപകരണങ്ങള്‍ ഡീകോഡ് ചെയ്തതോ വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ പ്രവര്‍ത്തിച്ചാലും നിയമലംഘനമായി കണക്കാക്കും. സംരക്ഷിതമായ ബൗദ്ധിക സൃഷ്ടികള്‍ വ്യക്തിപരമായ ആവശ്യത്തിനായി ഉപയോഗിക്കുന്നതും വ്യാവസായികമായി ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസവും ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Copyright laws are being tightened in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.