ഗ്ലോബൽ ഹെൽത്ത് ഫോറം 2025 എട്ടാംപതിപ്പ് ഉദ്‌ഘാടനം ചെയ്ത് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജെൽ സംസാരിക്കുന്നു

ആരോഗ്യരംഗത്ത് 124 ബില്യൺ സൗദി റിയാൽ മൂല്യമുള്ള കരാറുകളും നിക്ഷേപങ്ങളും വരാനിരിക്കുന്നു -സൗദി ആരോഗ്യമന്ത്രി

റിയാദ്: സൽമാൻ രാജാവിന്റെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ തുടർനടപടികളും കാരണം സൗദി അറേബ്യ അഭൂതപൂർവമായ ആരോഗ്യ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ വ്യക്തമാക്കി.

റിയാദ് മുഹമ്മദിയ്യയിലുള്ള ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഹെൽത്ത് ഫോറം 2025-ന്റെ എട്ടാം പതിപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സംരക്ഷണ മേഖലയുടെ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും രാജ്യത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നവീകരണ പ്രക്രിയയെ പിന്തുണക്കുന്നതിനുമായി 124 ബില്യൺ സൗദി റിയാലിലധികം മൂല്യമുള്ള കരാറുകളും നിക്ഷേപങ്ങളും ഫോറത്തിൽ ഒപ്പുവെക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു.

രാജ്യത്ത് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡോക്ടർ’ പരീക്ഷണം ഇതൊനൊടകം ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഗൂഗിളുമായി സഹകരിച്ച് സ്മാർട്ട് ഹെൽത്ത് കോച്ച് ഉടൻ പുറത്തിറക്കും. സാങ്കേതികവിദ്യയെ ഓരോ വ്യക്തിയുടെയും ആരോഗ്യവുമായി കൂടുതൽ അടുപ്പിക്കുന്ന രാജ്യത്തെ തന്നെ അത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. ഓരോ ഗുണഭോക്താവിനും വ്യക്തിഗത ആരോഗ്യ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന ഈ സംവിധാനം ഉടൻ തന്നെ ‘സെഹതി’ ആപ്പിൽ ലഭ്യമാകും.

പാരമ്പര്യ രോഗങ്ങളെക്കുറിച്ചുള്ള കൗൺസിലിംഗിനുള്ള പ്രതികരണ നിരക്ക് 15ൽ നിന്ന് 85 ശതമാനമായി വർധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 30 ലക്ഷം നവജാത ശിശുക്കൾക്ക് ആദ്യകാല നവജാത സ്ക്രീനിംഗ് പ്രോഗ്രാമിലൂടെ ജീവിതം ആരംഭിക്കാൻ സാധിച്ചു. രോഗം വന്നതിനു ശേഷമുള്ള ചികിത്സയിൽ നിന്ന് രോഗ പ്രതിരോധത്തിലേക്ക് മാറിക്കൊണ്ട് ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ സൗദി വിഷൻ 2030 അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എ.ഐ ഫിസിഷ്യൻ’ ക്ലിനിക്കൽ ട്രയലിനായി ഹുമിൻ, ലിൻ എന്നീ കമ്പനികൾക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു. ഈ രംഗത്തെ ലോകത്തിലെ തന്നെ ആദ്യത്തെ ക്ലിനിക്കൽ പഠനങ്ങളിൽ ഒന്നാണിത്. കൃത്യമായി രോഗം നിർണയിക്കുന്നതിനും നേരിട്ടുള്ള ആരോഗ്യ പരിരക്ഷാ മാർഗനിർദേശം നൽകുന്നതിനും നൂതന എ.ഐ കഴിവുകൾ സംയോജിപ്പിക്കുന്നതിനുള്ള മികച്ച വഴികൾ കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ പരിവർത്തനത്തിന്റെയും സർക്കാർ സമീപനത്തിന്റെയും ഫലമായി രാജ്യത്തെ ആയുർദൈർഘ്യം 2016 ലെ 74 വയസ്സിൽ നിന്ന് 79 വയസ് കവിഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണങ്ങൾ 40 ശതമാനം കുറഞ്ഞതായും ഇത് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം കവിയുന്നതായും അദ്ദേഹം പറഞ്ഞു.

കൂടാതെ, ട്രാഫിക് അപകടങ്ങളിലുള്ള മരണം 60 ശതമാനത്തിലധികം കുറഞ്ഞതും ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തെ മറികടന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ വർധനവ് ഉൾപ്പെടെ ലോകം നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ, പ്രതിവർഷം 10 ട്രില്യൺ ഡോളർ കവിഞ്ഞ ആഗോള ആരോഗ്യ പരിരക്ഷാ ചെലവുകൾ എന്നിവയും മന്ത്രി വിശദീകരിച്ചു.

ഇൻസുലിൻ പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതിനുള്ള പ്രാരംഭ ഘട്ടം, സെഹതി ആപ് വഴിയുള്ള ഡിജിറ്റൽ ട്വിന്നുകൾ നടപ്പാക്കൽ, ക്ലിനിക്കൽ ട്രയലുകളിൽ 51 ശതമാനം വർധനവ്, ചിലതരം ട്യൂമറുകൾ ചികിത്സിക്കുന്നതിനായി കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ എഞ്ചിനീയറിംഗ് ചെയ്ത ടി-സെല്ലുകളുടെ ഉത്പാദനം തുടങ്ങി മുൻ ഗ്ലോബൽ ഹെൽത്ത് ഫോറത്തിൽ ആരംഭിച്ച സംരംഭങ്ങളുടെ നേട്ടങ്ങളും മന്ത്രി അവലോകനം ചെയ്തു. പ്രമുഖ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് നിരവധി വാക്സിനുകളുടെ ഉത്പാദനം രാജ്യത്ത് തന്നെ നടത്താൻ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനി (ലൈവ്ര) ഉദ്ദേശിക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു.

Tags:    
News Summary - Contracts and investments worth 124 billion Saudi riyals are coming up in the healthcare sector -Saudi Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.