മദീനയിൽ ഇന്ത്യൻ കോൺസുലേറ്റ് സേവനകേന്ദ്രം തുറന്നു

മദീന: ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട് സേവനം, രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി വി.എഫ്.എസ് ഗ്ലോബലുമായി സഹകരിച്ച് മദീനയിൽ ഇന്ത്യൻ കോൺസുലേറ്റ് സേവന കേന്ദ്രം പ്രവർത്തന സജ്ജമായതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മദീനയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കോൺസുലേറ്റ് സേവന കേന്ദ്രം ആരംഭിക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മദീനയിലെ കിങ് ഖാലിദ് സ്ട്രീറ്റിലുള്ള അൽ മബൂത്ത് ഏരിയയിലെ ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് സ്ഥിരമായ ഒരു ഓഫീസ് പ്രവർത്തനമാരംഭിച്ചത്.

മദീനയിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ പൗരന്മാർക്ക് വിവിധ കോൺസുലാർ സേവനങ്ങൾക്ക് ഇനി മദീനയിലെ ഈ ഓഫീസിൽ അപേക്ഷ സമർപ്പിക്കാമെന്ന് കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓഫീസ് ലൊക്കേഷൻ https://goo.gl/maps/rTF8UfRQUTcwvbhn8 എന്ന ലിങ്ക് വഴി അറിയാമെന്നും 00966 115204886 എന്ന ഫോൺ നമ്പറിൽ ഓഫീസുമായി ബന്ധപ്പെടാമെന്നും കോൺസുലേറ്റ് അറിയിച്ചു.

പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ പ്രവൃത്തി ദിനങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ ഓഫീസ് പ്രവർത്തിക്കും. ഇന്ത്യൻ പൗരന്മാർക്കിടയിൽ കോൺസുലേറ്റ് സേവനം വ്യപകമാക്കുക എന്ന ലക്ഷ്യത്തോടെ മദീനയിൽ തുറന്ന സ്ഥിരം കേന്ദ്രം എല്ലാവരും ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സേവനം ആവശ്യമുള്ളവർ https://services.vfsglobal.com/sau/en/ind/book-anappointment എന്ന ലിങ്ക് വഴി നേരത്തേ അപ്പോയിന്റ്മെന്റ് എടുക്കണം. കോൺസുലേറ്റ് സേവനത്തിനെത്തുന്നവർ കോവിഡ് മുൻകരുതൽ പൂർണമായും പാലിക്കണം. 'തവക്കൽന' ആപ്പ് ഡൗൺലോഡ് ചെയ്ത് ഇമ്മ്യൂൺ സ്റ്റാറ്റസ് ഹാജരാക്കണമെന്നും സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയവ കർശനമായും പാലിക്കണമെന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. സൗദി അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Tags:    
News Summary - consulate of india service center at madeena opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.