ജിദ്ദ തുറമുഖം വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമം
കസ്റ്റംസ് അതോറിറ്റി പിടികൂടിയപ്പോൾ
ജിദ്ദ: സൗദിയിലേക്ക് ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമം കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ‘മരുന്നുകൾ’ എന്ന് രേഖപ്പെടുത്തിയ ഷിപ്പ്മെന്റിൽ ഒളിപ്പിച്ചാണ് 46.8 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്.നായ്ക്കളെ ഉപയോഗിച്ചും മറ്റ് ആധുനിക സംവിധാനങ്ങളിലൂടെയും നടത്തിയ പരിശോധനയിലാണ് കെണ്ടയ്നറുടെ ബോഡിക്കുള്ളിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയയത്. കണ്ടെയ്നറുടെ ഒരു വശത്തെ ചുവരിന്റെ പാളികൾക്കുള്ളിൽ യന്ത്രഭാഗങ്ങൾക്കിടയിലാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളുമായി സഹകരിച്ചാണ് പഴുതടച്ച നിലയിലുള്ള കസ്റ്റംസ് പരിശോധന നടത്തുന്നത്.
രാജ്യത്തേക്ക് മയക്കുമരുന്നുകളോ അനധികൃത വസ്തുക്കളോ കൊണ്ടുവരുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളാൽ സജ്ജമായ കസ്റ്റംസ് വകുപ്പിൽ യാത്രക്കാരുടെ ശരീര ഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘമാണുള്ളത്.
ഇവരുടെ കണ്ണുകൾ വെട്ടിച്ച് സൗദിയിലേക്ക് മയക്കുമരുന്നുകളോ നിരോധിത വസ്തുക്കളോ കൊണ്ടുവരുന്നതിനുള്ള ശ്രമം ആത്മഹത്യാപരമാണ്. രാജ്യത്തേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളിലും കസ്റ്റംസ് നിയന്ത്രണം കടുപ്പിച്ച് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി. മയക്കുമരുന്നിനെതിരെ കർശനനടപടികളാണ് രാജ്യം നടപ്പാക്കുന്നത്. പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരികയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1910 എന്ന ഹോട്ട്ലൈൻ നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ ബന്ധപ്പെടണെമന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.