യാമ്പു: കടകളിൽ മൂന്നാഘട്ടം വനിതാവത്കരണം നിലവിൽ വന്ന സാഹചര്യത്തിൽ യാമ്പുവിൽ പരിശോധനയും നിയമനടപടികളും ഭയന്ന് പല കടകളും ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ഒറ്റപ്പെട്ട ചില കടകളിൽ സൗദി വനിതകളെ നിയമിച്ചിട്ടുണ്ട്. ജോലിയിൽ കയറിയ ചില യുവതികൾ യാത്രാപ്രയാസവും മറ്റും കാരണം പറഞ്ഞ് പിരിഞ്ഞു പോയതായും ജീവനക്കാർ പറയുന്നു. പർദകളും നിശാവസ്ത്രങ്ങളും അത്തറുകളും വിൽക്കുന്ന നിരവധി കടകളിൽ ഇനിയും വനിതാ ജീവനക്കാരെ ആവശ്യമുണ്ട്. വനിത സെക്ഷനുകളിൽ സ്വദേശി യുവതികളെ നിയമിക്കണമെന്ന അധികൃതരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ പല തടസ്സങ്ങളും നേരിടുന്നതായി ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ പരിശോധനയാണ് തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയം ഉദ്യോഗസ്ഥർ യാമ്പുവിലെ ‘ലേഡീസ് മാർക്കറ്റുക’ ളിൽ നടത്തിയത്. പരിശോധനകളും ശിക്ഷാ നടപടികളുമായി അധികൃതർ മുന്നോട്ടു പോകുമ്പോൾ ഒത്തിരി കടകൾ പൂട്ടി പോകുമെന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറഞ്ഞു. പൊതു ജനങ്ങൾക്ക് തൊഴിൽ നിയമ ലംഘനങ്ങളെക്കുറിച്ച് തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയത്തെ അറിയിക്കാൻ പ്രത്യേക ആപ്ലിക്കേഷനും കസ്റ്റമർ സർവീസ് നമ്പറും അധികൃതർ പരസ്യപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യാൻ സൗദി വനിതകൾക്ക് വേണ്ട പ്രോത്സാഹനം നൽകാൻ വിവിധ പദ്ധതികൾ ബന്ധപ്പെട്ടവർ ആവിഷ്കരിച്ചു മുന്നോട്ടു പോകുമ്പോൾ പുതിയ തൊഴിൽ മേഖല കണ്ടെത്താൻ ശ്രമിക്കുന്നതാണ് നല്ലതെന്ന് കച്ചവടക്കാർ വിലയിരുത്തുന്നു. സ്ത്രീകൾക്ക് മാറ്റിവെച്ച മേഖലയിൽ പുരുഷന്മാർ ജോലി ചെയ്യുന്നത്‍ തുടർന്നാൽ ഭീമമായ തുക പിഴ അടക്കാൻ കഴിയില്ല എന്ന കാരണത്താൽ ചില കടകൾ പൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.