യാംബു തൽഅ നസയിലെ പ്രകൃതിരമണീയ ദൃശ്യം
യാംബു: സാഹസികതയും ഒപ്പം പ്രകൃതിയുടെ മനോഹര കാഴ്ചയും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് യാംബുവിലെ തൽഅ നസ മലനിരകൾ. ചെറുപ്പക്കാരായ സഞ്ചാരികളുടെ ഹരമായി മാറുകയാണ് യാംബു ടൗണിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ഈ കുന്നിൻ പ്രദേശങ്ങൾ. ഈയടുത്ത കാലത്താണ് ആഭ്യന്തര സഞ്ചാരികളുടെ കുത്തൊഴുക്കിലൂടെ ഈ സ്ഥലം അറിയപ്പെട്ടു തുടങ്ങിയത്. മലഞ്ചരിവിലെ തടാകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇടക്കാലത്ത് പെയ്ത മഴയിൽ പ്രദേശത്ത് കൂടുതൽ ശക്തിയോടെ ജലസ്രോതസ്സുകൾ ഉടലെടുത്തതാണ് ആളുകളുടെ ശ്രദ്ധ ഇവിടേക്ക് തിരിയാൻ കാരണം. മനോഹരമായ വിഡിയോ ചിത്രീകരണങ്ങൾക്കും ഏറെ അനുയോജ്യമാണ് ഇവിടത്തെ പ്രകൃതിസൗന്ദര്യം. മലനിരകളെ തഴുകിയെത്തുന്ന കുളിർക്കാറ്റും ഒഴുകിയൊലിക്കുന്ന ഉറവുകളുടെ നീലിമയും നെറുകയിൽനിന്ന് മനം കുളിർപ്പിക്കുന്ന കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു. സാഹസിക വിനോദ സഞ്ചാരത്തിന് അനന്തസാധ്യതകളുള്ള ഈ മലനിരകൾ ദൃശ്യവിസ്മയമൊരുക്കുന്നു. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരെയും വിനോദ സഞ്ചാരികളെയും മാടിവിളിക്കുന്ന ഇവിടെ വാരാന്ത്യ അവധി ദിനങ്ങളിൽ ധാരളമായി ആളുകൾ എത്തുന്നുണ്ട്. നീരുറവകളുടെ സമൃദ്ധിയാണ് തൽഅ നസയുടെയും യാംബു അൽനഖ്ൽ താഴ്വരയുടെയും പ്രത്യേകത.
പ്രകൃതിഭംഗി ആസ്വദിക്കാനും അൽപം സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ നല്ലൊരിടമാണിത്. ഈ മലയോര പ്രദേശങ്ങളിലെ ട്രക്കിങ് സ്പോട്ടുകൾ യാത്രക്കായി തിരഞ്ഞെടുക്കുന്നവർക്ക് ആവോളം ആസ്വദിക്കാൻ വേണ്ടതെല്ലാം ഇവിടത്തെ ഭൂപ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്. ഉറവുകൾ ഉത്ഭവിക്കുന്ന മലനിരകളിലേക്കുള്ള യാത്ര ഏറെ ഹൃദ്യമായ അനുഭവം പകർന്നുതരും. കാണാനും ആസ്വദിക്കാനും അനുഭവിക്കാനും നിരവധി ഘടകങ്ങൾ ട്രക്കിങ്ങിനിടയിൽ സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നു. മലയുടെ മുകളിൽനിന്ന് ഒഴുകിയെത്തുന്ന നീരുറവകളാൽ സൃഷ്ടിക്കപ്പെട്ട ഒരു തടാകവുമുണ്ടിവിടെ. 10 അടിയിലേറെ ആഴമുള്ള ഈ ശുദ്ധജല തടാകത്തിൽ യുവാക്കളുടെ സംഘം നീന്തിത്തിമിർക്കുന്ന കാഴ്ച കാണാം. അരുവിയുടെ ഉത്ഭവ സ്ഥാനത്തുനിന്ന് ആവോളം ശുദ്ധജലം നുകരാൻ കഴിയുന്നതും സഞ്ചാരികൾക്ക് അവാച്യമായ അനുഭൂതിയാണ്. തൽഅ നസയിലേക്കുള്ള യാത്രാവേളയിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും മറ്റു സാമഗ്രികളും കരുതണം.
ജനവാസമില്ലാത്ത പ്രദേശമാണ്. വിശന്നാൽ മലയിറങ്ങേണ്ടിവരും. ബഹുവർണങ്ങളിലുള്ള പാറകളും പർവതനിരകളും സാഹസിക യാത്രികരെ കൂടുതൽ ആവേശത്തിലാക്കും.
മലയടിവാരത്തിലെ തണുപ്പും സുഗന്ധവും ആസ്വദിച്ച് കാട്ടരുവികളോട് കിന്നാരംപറഞ്ഞു പോകുന്ന യാത്രയിൽ വർണാഭമായ കാഴ്ചകൾ ആവോളം നുകരാം. ശാരീരിക ക്ഷമതയുള്ളവർക്ക് വാരാന്ത്യ അവധി ദിനങ്ങൾ ചെലവഴിക്കാൻ ഇവിടത്തെ ട്രക്കിങ് തിരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.