റിയാദ്​ നഗരത്തിൽ പൊടിക്കാറ്റ്​ വീശിയടിച്ചപ്പോൾ

സൗദി കാലാവസ്ഥയിൽ മാറ്റം; വ്യാപക പൊടിക്കാറ്റ്​

റിയാദ്​/യാംബു: സൗദി അറേബ്യയിൽ കാലാവസ്ഥയിൽ മാറ്റം. വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുകയാണ്. തലസ്ഥാനമായ റിയാദ്​ നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10ഓടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകൾക്കകം ശക്തി പ്രാപിച്ചു.

നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റുണ്ട്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ്​ നിൽക്കുന്നത് മൂലം ദൂരക്കാഴ്ച മങ്ങിയതിനാൽ ഹൈവേകളുൾപ്പടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതം ദുസ്സഹമായി. കെട്ടിടങ്ങളും നിർത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. പൊടിക്കാറ്റ് അലർജിയുള്ള രോഗികൾ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ചികിത്സ തേടിയതായി ക്ലിനിക്ക് അധികൃതർ അറിയിച്ചു. മാർച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്‍റെ ആരംഭമാണ് അപ്രതീക്ഷിത പൊടിക്കറ്റെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്‍റെ വടക്കൻ മേഖലയിലെ പലഭാഗത്തും കഴിഞ്ഞ ദിവസം മുതൽ പൊടിക്കാറ്റ് ആടിച്ചുവീശുകയാണ്. അൽ ഖസീമിലും റിയാദിന്‍റെ വടക്കുഭാഗത്തെ പല പ്രദേശങ്ങളിലുമാണ് വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശിയത്. കാറ്റിൽ മൺപൊടിയും അവശിഷ്ടങ്ങളും വ്യാപകമാണ്. കാലാവസ്ഥാമാറ്റം അറിയിച്ചെത്തിയ പൊടിക്കാറ്റിൽ ദൂരക്കാഴ്ച്ച ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിലായിരുന്നു പലയിടങ്ങളിലും പൊടിക്കാറ്റ് വീശിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.


പൊടിക്കാറ്റ് ശ്വസന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഹേതുവാകുന്നതിനാൽ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റോഡുകളിൽ ദൂരക്കാഴ്ച തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് അധികൃതരും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും രാജ്യത്തെ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Tags:    
News Summary - Climate change in Saudi Arabia; Widespread dust storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.