റിയാദ്: ഇസ്രായേൽ അധിനിവേശകരുടെ നിരന്തര അക്രമണത്തിൽ വറുതിയും യാതനയും നേരിടുന്ന ഫലസ്തീൻ ജനതക്ക് സൗദി അറേബ്യയുടെ ശുദ്ധജല പദ്ധതി. ഗസ്സയിൽ നാലു ജല ശുദ്ധീകരണ പ്ലാൻറുകൾ സൗദി സ്ഥാപിക്കും. ഇതിനായുള്ള കരാറിൽ സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജും കിങ് സൽമാൻ റിലീഫ് സെൻററും ഒപ്പുവെച്ചു. രണ്ട് കേന്ദ്രങ്ങളുടെയും സംയുക്ത പദ്ധതിയായി ഗസ്സ സ്ട്രിപ്പിലെ ഖാൻ യൂനിസിലും മിഡിൽ ഗവർണറേറ്റുകളിലുമായി നാലു പ്ലാൻറുകൾ സ്ഥാപിക്കും.
കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെ ഓപറേഷൻസ് ആൻഡ് പ്രോഗ്രാംസ് അസിസ്റ്റൻറ് സൂപ്പർവൈസർ ജനറൽ എൻജി. അഹമ്മദ് അൽബൈസും സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇസ്ലാം അബു ഖലീലുമാണ് കരാറിൽ ഒപ്പുവച്ചത്. വീഡിയോ കോൺഫറൻസിലൂടെയാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. പ്രതിദിനം 10 മുതൽ 12 വരെ ക്യുബിക് മീറ്റർ ഉൽപാദന ശേഷിയുള്ള നാല് ഡീസലൈനേഷൻ പ്ലാൻറുകളാണ് സ്ഥാപിക്കുന്നത്. കടൽ ജലം ശുദ്ധീകരിക്കുന്ന പ്ലാൻറുകൾക്ക് ആവശ്യമായ നാലു ഏഴ് കിലോവാട്ട് സൗരോർജ്ജ സംവിധാനവും നിർമിക്കും. ഇത് രണ്ടും കരാറിന്റെ ഭാഗമാണ്.
300,500 ആളുകൾക്ക് പ്രതിദിനം നേരിട്ട് വെള്ളം എത്തിക്കാൻ ഇതിലൂടെ കഴിയും. ഇസ്രായേലിന്റെ ഹീന നടപടികളുടെ ഫലമായ മാനുഷിക പ്രതിസന്ധിയിൽ ജല, ശുചിത്വ മേഖലകളിൽ പിന്തുണ നൽകി ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സൗദി അറേബ്യയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെൻറർ വഴി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.