റിയാദിലെ അൽ യാസ്മിൻ സ്കൂളിൽ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച ക്ലാസ്റൂം മാനേജ്മെന്റ്
പരിശീലന പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപകർക്കായി ക്ലാസ്റൂം മാനേജ്മെന്റിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. റായ് റോബർട്ട്സിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം, അധ്യാപകർക്ക് പാഠങ്ങൾ ഫലപ്രദമായി നടത്തുന്നതിനും ശാന്തതയോടെ ക്ലാസ് നിയന്ത്രിക്കുന്നതിനും പുതിയ മാർഗങ്ങൾ നൽകുന്നതിന് ഉദ്ദേശിച്ചാണ്.
സങ്കീർണമായ സാഹചര്യങ്ങളിലേക്ക് മാറുന്ന പുതിയ തലമുറ ക്ലാസ്റൂമുകളിൽ, അധ്യാപകർക്ക് ആവശ്യമായ മാനേജ്മെന്റ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്കൂൾ ഈ പരിശീലനം ഒരുക്കിയത്. കെ.ജി, പ്രൈമറി, ഗേൾസ്, ബോയ്സ് വിഭാഗങ്ങളിലെ അധ്യാപകർക്കായി പ്രത്യേകമായി തയാറാക്കിയ പദ്ധതിയുടെ മുഖ്യലക്ഷ്യം വിദ്യാർഥികളിൽ ക്രമശീലം, സഹവർത്തിത്വം എന്നിവ വളർത്തുന്നതിനൊപ്പം പാഠങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതിന് കൂടി ഊന്നൽ നൽകിയാണ്.
ക്ലാസ് നിയന്ത്രണ സാങ്കേതികവിദ്യകൾ, അധ്യാപക-വിദ്യാർഥി ബന്ധം മെച്ചപ്പെടുത്തൽ, മാനസികാരോഗ്യ പിന്തുണ എന്നിവയെ കേന്ദ്രീകരിച്ചാണ് പരിശീലനം. വിദ്യാർഥികളുടെ ശീലങ്ങളും സാമൂഹിക പശ്ചാത്തലങ്ങളും മാറുന്ന ഈ കാലഘട്ടത്തിൽ അധ്യാപകർക്കുള്ള ഇത്തരം പരിശീലനങ്ങൾ നിർണായകമാണ്.
പ്രിൻസിപ്പൽ ഇൻ ചാർജ് സുബി ഷാഹിർ, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖത്ത് അൻജും, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർമാർ അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്വാഫ്, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ്, മുദീറ ഹദിയ, ബത്തൂൽ, കോഓഡിനേറ്റർമാർ തുടങ്ങി എല്ലാ അധ്യാപകരും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.