https://www.madhyamam.com/tags/fruits
യാംബു: സൗദിയിൽ നാരങ്ങ, ഓറഞ്ച്, ടാംഗറിൻ, ഗ്രേപ്ഫ്രൂട്ട്, സിട്രോൺ, കുംക്വാട്ട് തുടങ്ങിയ സിട്രസ് പഴങ്ങളുടെ സീസണ് തുടക്കമായി.
സൗദി സിട്രസ് പഴങ്ങളുടെ സീസൺ പ്രാദേശിക വിപണികളിൽ ആരംഭിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവയുടെ ഉത്പാദനം 1,58,000 ടൺ കവിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. നാരങ്ങയാണ് ഉത്പാദനത്തിൽ മുന്നിലെന്നും കാർഷിക മേഖലയെ പിന്തുണക്കന്നതിനും വികസിപ്പിക്കുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാവിധ പ്രോത്സാഹനങ്ങളും കർഷകർക്ക് നൽകുന്നതായും മന്ത്രാലയം അറിയിച്ചു. നജ്‌റാൻ, മദീന, റിയാദ്, തബൂക്ക്, ഹാഇൽ, അൽഖസീം, കിഴക്കൻ പ്രവിശ്യ, അസീർ, അൽഉല തുടങ്ങിയ പ്രദേശങ്ങളിലാണ് സിട്രസ് പഴങ്ങളുടെ മരങ്ങൾ കൂടുതലുള്ളത്. അവയിൽ ഏറ്റവും കൂടുതലുളളത് നാരങ്ങ, ഓറഞ്ച്, ടാംഗറിൻ, ഗ്രേപ്ഫ്രൂട്ട്, സിട്രോൺ, കുംക്വാട്ട് എന്നിവയാണ്.
രാജ്യത്തിന്റെ സിട്രസ് ഉൽപാദനം മൊത്തം 1,23,000 ടൺ കവിയുകയും 15 ലക്ഷത്തിലധികം ഫലം കായ്ക്കുന്ന മരങ്ങൾ നിലവിലുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. 35,700 ടൺ ഓറഞ്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നതായും 3,97,000 ത്തിലധികം ഫലം കായ്ക്കുന്ന ഓറഞ്ച് മരങ്ങൾ നിലവിൽ ഉളളതായും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് സിട്രസ് പഴങ്ങളുടെ ഉൽപാദനം എല്ലാ വർഷവും മാർച്ച് വരെ നീണ്ടുനിൽക്കും. പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനും ഉൽപാദന സീസണിൽ ഉപഭോക്തൃ ആവശ്യം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. 2030 വിഷൻ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിപണന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മത്സരശേഷി വർധിപ്പിക്കുന്നതിനും പ്രതിഫലദായകമായ സാമ്പത്തിക വരുമാനം നേടുന്നതിനും മന്ത്രാലയം വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.