ചില്ല ഏപ്രിൽ ലക്കം വായന പരിപാടിയിൽ ടി.ആർ. സുബ്രഹ്മണ്യൻ വായനാനുഭവം പങ്കുവെക്കുന്നു
റിയാദ്: ചില്ലയുടെ പ്രതിമാസ വായനയുടെ ഏപ്രിൽ ലക്കം ബത്ഹയിലെ ശിഫ അൽ ജസീറ ക്ലിനിക് ഹാളിൽ നടന്നു. മനോജ് കുറൂർ രചിച്ച ‘മുറിനാവ്’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് ടി.ആർ. സുബ്രഹ്മണ്യൻ പരിപാടിക്ക് തുടക്കം കുറിച്ചു. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച മനുഷ്യരുടെ കഥയിലൂടെ കാലത്തെയും ചരിത്രത്തെയും സംസ്കാരത്തേയും ചിന്താധാരകളെയും മതദർശനങ്ങളെയും ആധാരമാക്കിയുള്ള നോവൽ അധികാരത്തെ സംബന്ധിച്ച സംവാദങ്ങൾക്ക് വഴി തുറക്കുന്നു എന്ന് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
എസ്. ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’ എന്ന നോവലിന്റെ വായനാനുഭവം ബീനയും എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവൽ വിപിൻകുമാറും അവതരിപ്പിച്ചു. ‘ഒ.എൻ.വി തെരഞ്ഞെടുത്ത ചങ്ങമ്പുഴ കവിതകൾ’ എന്ന കവിതാസമാഹാരത്തിലെ ആ പൂമാല, വാഴക്കുല, കാവ്യനർത്തകി, രമണൻ, നാളത്തെ ലോകം, കാമുകൻ വന്നാൽ, ദേവയാനി, ഉതിർമണികൾ മുതലായ കവിതകളെ കുറിച്ചു സുരേഷ് ബാബു സംസാരിച്ചു. ഇ. സന്തോഷ് കുമാർ എഴുതിയ ‘പാവകളുടെ വീട്’ എന്ന കഥാസമാഹാരത്തിലെ കഥകളുടെ വായനാനുഭവം സുരേഷ് ലാൽ പങ്കുവെച്ചു. വായനാനുഭവം പങ്കുവെച്ചവരോടൊപ്പം സതീഷ് കുമാർ വളവിൽ, സുരേഷ്, എം. ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.