റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച ജൂലൈമാസ വായന വി.കെ. ഷഹീബ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ചില്ല സർഗവേദി ജൂലൈമാസ വായന സംഘടിപ്പിച്ചു. ചടങ്ങിൽ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ് പങ്കുവെച്ചത്. ഇന്ത്യൻ രാഷ്ട്രീയ അന്തർനാടകങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകം പരിചയപ്പെടുത്തി വി.കെ. ഷഹീബ പരിപാടിക്ക് തുടക്കംകുറിച്ചു. തച്ചനക്കര ഗ്രാമത്തെ ഒരു ചരിത്രഗവേഷകന്റെ സൂക്ഷ്മതയോടെ കാന്വാസിലെന്നപോലെ പകർത്തിയ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന പുസ്തകം സീബ കൂവോട്, പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം പറയുന്ന പി. പ്രമീളയുടെ 'എറിയോറും ഊത്തോളും' എന്ന പുസ്തകം സി.കെ. വിനയൻ, ഖിൽജി മുതൽ ശിവജി വരെയുള്ളവരുടെ ചരിത്രത്തെ അനാവരണം ചെയ്യുന്ന മനു എസ്. പിള്ളയുടെ 'റിബൽ സുൽത്താൻസ്' എന്ന പുസ്തകം വിപിൻ കുമാർ, രക്തസാക്ഷികളെയും ഒപ്പം രക്തസാക്ഷി കുടുംബങ്ങളിലെ ജീവിതങ്ങളുടെ ഉള്ളറകളിലേക്കും വായനക്കാരനെ കൈപിടിച്ചു നടത്തുന്ന പയ്യന്നൂർ കുഞ്ഞിരാമന്റെ 'ചരിത്രസാക്ഷ്യം' എന്ന പുസ്തകം സതീഷ് കുമാർ എന്നിവർ അവതരിപ്പിച്ചു. ചടങ്ങിൽ, 'ആ പൂവ് നീ എന്തു ചെയ്തു' എന്ന പേരിൽ ബദീഅയിൽ നടന്ന മുഴുദിന ബഷീർസ്മൃതിയിൽ പങ്കെടുത്ത കുട്ടികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കുമുള്ള ഉപഹാര വിതരണവും നടന്നു. പരിപാടിക്ക് മൂസ കൊമ്പൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.