ചില്ല ഫെബ്രുവരി വായന എച്ച്.ജി.വെൽസിന്റെ 'ടൈം മെഷീൻ’ കഥയുടെ വായനാനുഭവം പങ്കുവെച്ച് സ്നിഗ്ധ വിപിൻകുമാർ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ശാസ്ത്രാഖ്യായിക സാഹിത്യശാഖയുടെ പിതാവെന്നറിയപ്പെടുന്ന എച്ച്.ജി. വെൽസിന്റെ ഏറെ പ്രശസ്തമായ ‘ടൈം മെഷീൻ' എന്ന കൽപിത കഥയുടെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സ്നിഗ്ധ വിപിൻകുമാർ ചില്ലയുടെ ഫെബ്രുവരി വായനക്ക് തുടക്കം കുറിച്ചു. അനന്തമായ കാലത്തിലൂടെ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും സഞ്ചാരം നടത്തുന്ന സമയസഞ്ചാരിയുടെ വിസ്മയകരമായ അനുഭവങ്ങളെ അവതാരക സദസ്സുമായി പങ്കുവെച്ചു.
തുടർന്ന് മലയാള സാഹിത്യകാരി മാധവിക്കുട്ടി എഴുതിയ പ്രേമകഥകളുടെ സമാഹാരം സുരേഷ് ബാബു സദസ്സിന് പരിചയപ്പെടുത്തി. നഷ്ടപ്പെട്ട നീലാംബരി എന്ന കഥ ഉൾപ്പെടെയുള്ള മനോഹരമായ രചനകളുടെ സമാഹാരമായ മാധവിക്കുട്ടിയുടെ പ്രേമകഥകൾ വാർപ്പുമാതൃകകളെ നിഷേധിക്കുന്ന പ്രണയഭാവങ്ങളുടെ പ്രകാശനമാണെന്ന് അവതാരകൻ ഓർമിപ്പിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരകൃത്യമായ ഗാന്ധിവധത്തിന് മുന്നിലും പിന്നിലും നിന്ന കുറ്റവാളികളെ വിചാരണ ചെയ്യുന്ന അതിശക്തമായ 9 എം.എം ബെരേറ്റ എന്ന നോവലിന്റെ വായനാനുഭവം നടത്തിയത് ശിഹാബ് കുഞ്ചീസാണ്. സാഹിത്യനിരൂപകനും തിരക്കഥാകൃത്തും നാടകകൃത്തുമായ എൻ.ശശിധരൻ എഴുതിയ കപ്പൽച്ചേതം വന്ന നാവികൻ എന്ന കൃതിയുടെ വായന ബീന സദസ്സുമായി പങ്കുവെച്ചു.
മാർകേസും പാമുക്കും മുതൽ മാധവിക്കുട്ടിയും കെ.ജി ശങ്കരപ്പിള്ള വരെയുള്ളവരുടെ എഴുത്തിലൂടെയും തർക്കോവ്സ്കിയെ പോലുള്ളവരുടെ സിനിമകളിലൂടെയുമുള്ള വായനാസഞ്ചാരം മനുഷ്യരെ വായനയുടെ സൗന്ദര്യത്തിലേക്ക് ആകർഷിക്കുന്നതാണെന്ന് അവതാരക അഭിപ്രായപ്പെട്ടു. ഡോ.ധർമരാജ് അടാട്ട് എഴുതിയ ഹിന്ദുത്വവും ഭാരത സംസ്കാരവും എന്ന കൃതിയുടെ വായനാനുഭവം വിനയൻ സദസ്സിൽ അവതരിപ്പിച്ചു.
പുസ്തകാവതരണങ്ങൾക്കുശേഷം നടന്ന സംവാദത്തിൽ അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ വിവിധ വശങ്ങൾ വിശകലനം ചെയ്യപ്പെട്ടു. 9 എം എം ബെരേറ്റ, ഹിന്ദുത്വവും ഭാരതസംസ്കാരവും എന്നീ കൃതികൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സമാനമായതിനാൽ ആ കൃതികളിലെ ചരിത്രം, തത്ത്വചിന്ത, രാഷ്ട്രീയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ചയാണ് പ്രധാനമായും നടന്നത്.
ഇന്ത്യ അതിന്റെ ഭരണഘടനയിൽ ഊന്നിപ്പറയുന്ന പോലെ ഒരു ജനാധിപത്യ-മതനിരപേക്ഷ-സോഷ്യലിസ്റ്റ് രാജ്യമായി നിലകൊള്ളേണ്ടതിന്റെ അനിവാര്യതയാണ് ചർച്ചയിൽ പങ്കെടുത്തവർ പ്രധാനമായും മുന്നോട്ടുവെച്ചത്.
റിയാദിലെ ബത്തയിലുള്ള ശിഫ അൽ ജസീറ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അമൽ ഫൈസൽ, വിപിൻകുമാർ, വിനോദ് മലയിൽ, നസീർ എ.എം, ജിനീഷ്.വി, അനീസ്, വിദ്യ വിപിൻ, ബഷീർ കാഞ്ഞിരപ്പുഴ തുടങ്ങിവർ പങ്കെടുത്തു, എം.ഫൈസൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.