ദമ്മാം ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ സംഘടിപ്പിച്ച കുട്ടികൾക്കുള്ള നാടകം ‘പുതിയ ചക്രവാള’ത്തിലെ വിവിധ രംഗങ്ങൾ
ദമ്മാം: അറബ് നാടകപ്രസ്ഥാനത്തിന് പ്രതീക്ഷയും പ്രോത്സാഹനവും നൽകി അരങ്ങേറ്റിയ ഏകപാത്ര നാടകോത്സവത്തിന് പിന്നാലെ ദമ്മാമിലെ ആർട്സ് ആൻഡ് കൽചറൽ അസോസിയേഷൻ കുട്ടികൾക്കായി നാടകം അവതരിപ്പിച്ചു. ദമ്മാമിലെ കവാലിസ് തിയറ്ററിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയുടെ പിന്തുണയോടെയായിരുന്നു നാടകത്തിന് അരങ്ങൊരുക്കിയത്.
കുട്ടികൾക്ക് രസിക്കുന്ന രീതിയിൽ കഥ പറയുക എന്ന ലക്ഷ്യമിട്ട് കാവ്യനാടകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പരീക്ഷണമായാണ് ‘പുതിയ ചക്രവാളം’ എന്ന നാടകം അരങ്ങേറിയത്. സമകാലിക സംഭവത്തെ കവിതയും അഭിനയവുമായി സംയോജിപ്പിച്ച് കവിതയുടെയും ഗദ്യത്തിെൻറയും സൗന്ദര്യം അനുഭവിപ്പിക്കാൻ ഇതിലെ ഓരോ രംഗത്തിനും കഴിഞ്ഞു. ഡോ. അദീം അൽ അൻസാരി രചിച്ച് യൂസുഫുൽ ഹർബി സംവിധാനം ചെയ്ത നാടകത്തിൽ മുഹമ്മദ് അൽ മുതവ്വ, ഹൗറ അൽ മർയം, ജവാദ് അൽ സയേഗ്, ഹൈദർ അലി, മുഹമ്മദ് അൽ സുലൈമാനി, ഹുസൈൻ അൽ ഷുവൈഷ്, അലി അൽ ജാസിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അബ്ദുൽ അസീസ് അൽ അസ്വാദ് ഗാനരചനയും സംഗീതവും നിർവഹിച്ചു. യൂസുഫ് അഹമ്മദ് അൽ ഹർബി രംഗപടം ഒരുക്കി. ഹമദ് അൽ ഹസ്സൻ വെളിച്ച വ്യന്യാസവും ഇക്രം അൽ ഒമാരി വസ്ത്രധാരണ ചുമതലയും നിർവഹിച്ചു.
‘ദൈവാനുഗ്രഹത്താൽ, ദമ്മാമിലെ കൾചർ ആൻഡ് ആർട്സ് അസോസിയേഷെൻറ പുതിയ പരീക്ഷണത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്ന് ഡോ. അദീം അൽ അൻസാരി പറഞ്ഞു. നാടക പ്രസ്ഥാനത്തിന് പുതിയ ഊർജം നൽകാനും യുവാക്കളിലും കുട്ടികളിലും നാടക താൽപര്യം വർധിപ്പിക്കാനും ഇതിലുടെ കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ സാംസ്കാരിക പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് ഈ നാടകമെന്ന് സംവിധായകൻ യൂസുഫ് അഹമ്മദ് അൽ ഹർബി പറഞ്ഞു. സൗദി അറേബ്യയുടെ യഥാർഥ സ്വത്വത്തെയും അതിെൻറ പൈതൃകത്തെയും വെളിവാക്കുന്നതിനൊപ്പം സാംസ്കാരിക, കലാമേഖലകളിൽ പ്രാദേശികമായും ആഗോളമായും രാജ്യം നേടിയ നേട്ടങ്ങൾക്ക് കാരണമായ സാംസ്കാരിക പ്രസ്ഥാനങ്ങളെ ഇത് പരിചയപ്പെടുത്തുന്നു.
സൗദി സംസ്കാരത്തിെൻറയും കലയുടെയും പൈതൃകത്തിെൻറയും മൂല്യങ്ങൾ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ സന്നിവേശിപ്പിക്കുക, ലളിതമായ കാവ്യാത്മക നാടക ശൈലിയിൽ സർഗാത്മകതയുടെ വ്യത്യസ്ത പാതകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സ്കുൾ വിദ്യാർഥികളും ഇതിൽ അഭിനയിക്കാനായി എത്തി. ഇവർക്ക് കാവ്യ നാടകം വ്യത്യസ്തമായ അനുഭവമാണ് പ്രദാനം ചെയ്തത്. ഒരു ഇരുണ്ട ലൈബ്രറിയിലാണ് സംഭവങ്ങൾ നടക്കുന്നത്. സൗദിയിലെ സംസ്കാരിക പ്രവർത്തനങ്ങളുടെ ആദ്യകാല നാളുകളെയാണ് ഇത് അടയാളപ്പെടുത്തുന്നത്. കഥാപാത്രങ്ങൾ പരസ്പരം നയിക്കുന്ന സംഭവങ്ങളിലൂടെ നാടകം മുന്നോട്ട് നീങ്ങുകയും പുതിയ ചക്രവാളത്തിന്റെ വെള്ളിവെളിച്ചം ഒരു നാടിനെ പ്രകാശമാക്കുകയും ചെയ്യുന്നതിലാണ് നാടകം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.