കെ.​എം.​സി.​സി ജി​ദ്ദ വ​നി​ത ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ചാ​യ​ൽ 2025’ ഒ​പ്പ​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ജിദ്ദയെ ആവേശത്തിലാഴ്ത്തി ‘ചായൽ 2025’ ; ദേശീയ ഒപ്പന മത്സരത്തിൽ കെ.എം.സി.സി മലപ്പുറം ജേതാക്കൾ

ജിദ്ദ: പ്രവാസി സാംസ്‌കാരിക ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് കെ.എം.സി.സി ജിദ്ദ വനിത കമ്മിറ്റി സംഘടിപ്പിച്ച ‘ചായൽ 2025’ ഒപ്പന മത്സരം അക്ഷരാർഥത്തിൽ ഉത്സവമായി മാറി. മാപ്പിള കലാരൂപത്തിന്റെ തനത് ചടുലതയും താളവും സമന്വയിച്ച ഈ ദേശീയ ഒപ്പന മത്സരം കാണികൾക്ക് അപൂർവമായൊരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.

യുവജനോത്സവ വേദികളിൽ ഏറെ ജനപ്രീതി നേടിയ ഒപ്പനയെ അതിന്റെ തനത് സൗന്ദര്യത്തോടെയും ചടുലതയോടെയും അവതരിപിച്ച മത്സരം കാണികൾക്ക് അപൂർവമായ അനുഭവമായി.മലബാർ അടുക്കള, ഈവ, ഇശൽ, ഫിനോം, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ല കെ.എം.സി.സി ടീമുകൾ എന്നിങ്ങനെ ഏഴ് ടീമുകളാണ് ഫൈനൽ വേദിയിൽ മാറ്റുരച്ചത്. വാശിയേറിയ മത്സരത്തിൽ കെ.എം.സി.സി മലപ്പുറം ജില്ല ടീം പ്രഥമ സ്ഥാനം കരസ്ഥമാക്കി. ഫിനോം ജിദ്ദ രണ്ടാം സ്ഥാനവും കെ.എം.സി.സി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. ഓരോ ടീമും അവതരണത്തിലെ കൃത്യത കൊണ്ടും വേഷവിധാനത്തിലെ പ്രത്യേകത കൊണ്ടും വിധികർത്താക്കളെയും കാണികളെയും ഒരേപോലെ വിസ്മയിപ്പിച്ചു.

ഗായകൻ ഫിറോസ് ബാബു, ഗായിക ഷഹജ മലപ്പുറം, മുഷ്താഖ് മധുവായി എന്നിവരടങ്ങിയ വിധിനിർണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വനിത വിങ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷതവഹിച്ചു. ഷമീല പടിഞ്ഞാറേതിൽ സ്വാഗതവും കുബ്ര ലത്തീഫ് നന്ദിയും പറഞ്ഞു. അഹ്മദ് പാളയാട്ട്, അബ്ദുൽ റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, വി.പി അബ്ദുൽ റഹ്മാൻ, ഇ.പി ഉബൈദുല്ല എന്നിവർ സംസാരിച്ചു.

മത്സരത്തിന് പിന്നാലെ ഷഹജ മലപ്പുറം, അനീഷ് പട്ടുറുമാൽ, അൻവർ തിരൂരങ്ങാടി എന്നിവർ നയിച്ച സംഗീത വിരുന്ന് പ്രവാസി കുടുംബങ്ങൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വനിത വിങ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഹസീന അഷ്‌റഫ്‌, ജസ്‌ലിയ ലത്തീഫ്, സാബിറ മജീദ്, നസീഹ അൻവർ, മിസ്രിയ ഹമീദ്, ജംഷിന നിസാർ, ശാലിയ വഹാബ്, ഇർഷാദ ഇല്യാസ്, ബസ്മ സാബിൽ, സുരയ്യ കാരി, ഹാജറ ബഷീർ, നസീമ ഹൈദർ, മൈമൂന ഇബ്രാഹിം തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു

Tags:    
News Summary - ‘Chayal 2025’ excites Jeddah; KMCC Malappuram wins national competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.