ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്ത് സംസാരിക്കുന്നു
ജിദ്ദ: വർഗീയതയും അഴിമതിയും ലഹരി വ്യാപനവും കൊണ്ട് നാട് തകർച്ചയിലേക്ക് പോകുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തികഞ്ഞ നിസ്സംഗത പാലിക്കുകയാണെന്നും ഇത്തരം അധമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുറ്റപ്പെടുത്തി. ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനും രാജ്യം പടുത്തുയർത്തിയ പൂർവ്വസൂരികളായ നേതാക്കളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാനും കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വധത്തെ പോലും ന്യായീകരിക്കുന്ന അവസ്ഥയിലേക്ക് ആർ.എസ്.എസും ബി.ജെ.പിയും മാറിയിരിക്കുന്നു.
പാഠപുസ്തകങ്ങളിൽ പോലും ചരിത്രത്തെ വക്രീകരിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തി ശക്തമായ പ്രതിപക്ഷനിര രൂപപ്പെട്ടു. അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ സംഘപരിവാറിന്റെ ആത്യന്തിക ലക്ഷ്യമായ ഭരണഘടനയെ തിരുത്തിയെഴുതുക എന്ന പ്രക്രിയ ബി.ജെ.പിയും ആർ.എസ്.എസും ആരംഭിച്ചേനെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നിർലോഭം വ്യാപകമായികൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ ക്രിയാത്മകമായ ഒരു പ്രതിരോധവും തീർക്കാതെ സംസ്ഥാന സർക്കാർ നിർജീവാവസ്ഥയിലാണ്. പ്രൈമറി സ്കൂൾ പരിസരങ്ങളിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുമ്പോൾ നിയമസംവിധാനങ്ങൾ നിഷ്ക്രിയമാണ്. ഭരണകാലയളവിനുള്ളിൽ പരമാവധി അഴിമതിയും ധൂർത്തും നടത്തുക എന്ന ഒറ്റ അജണ്ടയിലേക്ക് സർക്കാർ ചുരുങ്ങിയിരിക്കുന്നു.
തങ്ങളുടെ അടിസ്ഥാന അവകാശത്തിനുവേണ്ടി സമരം ചെയ്യുന്ന ആശാ വർക്കർമാരോട് പോലും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുന്നു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പിന്തുണ കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്ന ഗതികേടിലാണ് പിണറായി വിജയനും സി.പി.എമ്മും കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായ ജനവികാരം ഉയർന്ന് വരുമെന്നും, വരാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
പാണക്കാട് ബഷീറലി ഷിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ആക്റ്റിങ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്ത യാസർ നായിഫ് പെരുവള്ളൂർ, അഷറഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട എന്നിവരെ ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് ഹാരാർപ്പണം ചെയ്തു.
മലപ്പുറം ഡി.സി.സി അംഗം നാസർ തെന്നല, ഒ.ഐ.സി.സി നേതാക്കളായ അബ്ബാസ് ചെമ്പൻ, സി.എം അഹമ്മദ്, ഹക്കീം പാറക്കൽ, കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, പി.സി.എ റഹ്മാൻ ഇണ്ണി, നാണിമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വിവിധ പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികൾക്കു വേണ്ടി ഭാരവാഹികൾ ആര്യാടൻ ഷൗക്കത്തിനെയും ബഷീറലി തങ്ങളെയും ഷാൾ അണിയിച്ചു സ്വീകരിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.