ന്യൂഡൽഹി: ആൾക്കൂട്ടക്കൊലക്കും വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ 2018 ജൂലൈ 17ന് തഹ്സീൻ പൂനാവാല കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചു. സമസ്തക്കുവേണ്ടി ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാരാണ് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുൽഫികർ അലി മുഖേന ഹരജി ഫയൽ ചെയ്തത്.
മതവും ജാതിയും നോക്കിയുള്ള ആൾക്കൂട്ട ആക്രമണം തുടരുകയാണെന്നും മുസ്‍ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണവും ആൾക്കൂട്ട കൊലയും വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും സമസ്ത ബോധിപ്പിച്ചു. ആൾക്കൂട്ട ആക്രമണം തടയുന്നതിന് ജില്ല പൊലീസ് സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഒരു നോഡൽ ഓഫിസറെ എല്ലാ ജില്ലകളിലും നിയമിക്കണമെന്നും സഹായത്തിനായി ഡി.എസ്.പി റാങ്കിലുള്ള പൊലീസ് ഓഫിസറെ വെക്കണമെന്നും ദൗത്യസേന ഉണ്ടാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചതാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആൾക്കൂട്ട ആക്രമണം നടന്ന ജില്ലകളും സബ്ഡിവിഷനുകളും ഏതെന്ന് സംസ്ഥാന സർക്കാറുകൾ മൂന്നാഴ്ചക്കകം കണ്ടെത്തണമെന്നും 2018ലെ വിധിയിലുണ്ടായിരുന്നു. എന്നാൽ, ഇവയൊന്നും നടപ്പാക്കിയിട്ടില്ല. 2025 ഡിസംബർ 12ന് ബിഹാറിലെ നവാഡയിൽ വസ്ത്ര വ്യാപാരിയായ മുഹമ്മദ് അതർ ഹുസൈനെ മൃഗീയമായ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയതും ഔറംഗാബാദിൽ തൊഴിലാളിയായ വസീമിനെ കൊലപ്പെടുത്തിയതും അടക്കമുള്ള ഉദാഹരണങ്ങൾ സമസ്ത ഹരജിയിൽ നിരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.