വിപുലീകരിച്ച അൽഉല വിമാനത്താവളത്തിെൻറ ഉദ്ഘാടനം സൗദി സാംസ്കാരിക മന്ത്രിയും അൽഉല റോയൽ കമീഷൻ ഗവർണറുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നിർവഹിക്കുന്നു
തബൂക്ക്: സൗദി അറേബ്യയുടെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ വിപുലീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രിയും അൽഉല റോയൽ കമീഷൻ ഗവർണറുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ആണ് നവീകരിച്ച ലോഞ്ചുകളുടെയും ടെർമിനൽ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചത്.
സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുവൈലിജ്, അൽഉല റോയൽ കമീഷൻ സി.ഇ.ഒ അബീർ അൽ അഖൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ്-വ്യോമയാന കേന്ദ്രമായി അൽഉലയെ മാറ്റാനുള്ള റോയൽ കമീഷെൻറ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.
നവീകരണത്തിലൂടെ വിമാനത്താവളത്തിന് സുപ്രധാന മാറ്റങ്ങളാണ് ഉണ്ടായത്. യാത്രക്കാരുടെ എണ്ണം പ്രതിവർഷം നാല് ലക്ഷത്തിൽനിന്ന് 7 ലക്ഷമായി ഉയർത്തി, (75 ശതമാനം വർധന). ടെർമിനൽ വിസ്തൃതി 3,800 ചതുരശ്ര മീറ്ററിൽനിന്ന് 5,450 ചതുരശ്ര മീറ്ററായി വർധിപ്പിച്ചു (44 ശതമാനം വർധന). പാസ്‌പോർട്ട് കൗണ്ടറുകൾ നിലവിലുണ്ടായിരുന്ന നാലിൽനിന്ന് 12 ആയി ഉയർത്തി. അതിവേഗ യാത്ര ഉറപ്പാക്കാൻ ഇ-ഗേറ്റുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തി.
അൽഉലയുടെ സുസ്ഥിര വളർച്ച, പ്രവർത്തന സന്നദ്ധത, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തൽ എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് വിപുലീകരണ പദ്ധതി നടപ്പാക്കിയതെന്ന് റോയൽ കമീഷൻ വ്യക്തമാക്കി. ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് പദ്ധതിയുടെയും വിഷൻ 2030-െൻറയും ഭാഗമായി, ടൂറിസം-വ്യോമയാന മേഖലകളിൽ ലോകോത്തര നിക്ഷേപ കേന്ദ്രമായി അൽഉലയെ മാറ്റുകയാണ് ഈ വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോയൽ കമീഷൻ അറിയിച്ചു.
അൽഉലയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം നിലനിർത്തിക്കൊണ്ടുതന്നെ, സാമ്പത്തിക വികസനത്തിന് വേഗം കൂട്ടാനും കൂടുതൽ തൊഴിൽ-നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി ഉപകരിക്കും. വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിക്കുന്നതോടെ കൂടുതൽ അന്താരാഷ്ട്ര എയർലൈനുകളെ ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
യാത്രക്കാരുടെ എണ്ണം: പ്രതിവർഷം ഏഴ് ലക്ഷമായി ഉയർത്തി
വിസ്തീർണം: ടെർമിനൽ വിസ്തൃതി 5,450 ചതുരശ്ര മീറ്ററായി വർധിപ്പിച്ചു
പാസ്‌പോർട്ട് കൗണ്ടറുകൾ: നിലവിലുണ്ടായിരുന്ന നാല് കൗണ്ടറുകൾ 12 ആയി ഉയർത്തി
സ്മാർട്ട് സംവിധാനങ്ങൾ: അതിവേഗ യാത്ര ഉറപ്പാക്കാൻ ഇ-ഗേറ്റുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.