ജിദ്ദയിൽ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റിൽ മികച്ച വിജയം നേടിയ അൽമുന സ്കുളിലെ കായികതാരങ്ങളെ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ
ദമ്മാം: ജിദ്ദയിൽ സമാപിച്ച സി.ബി.എസ്.ഇ സൗദി ചാപ്റ്റർ കായിക മത്സരങ്ങളിൽ ദമ്മാം അൽ മുന സ്കൂളിന് നേട്ടം. അണ്ടർ 14 കാറ്റഗറിയിൽ ഇരട്ട സ്വർണവുമായി അൽ മുന സ്കൂളിലെ ഫാത്തിമ ഹനാൻ വ്യക്തിഗത ചാമ്പ്യനായി. അണ്ടർ 14 വിഭാഗത്തിൽ ലോങ് ജംപ്, 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിൽ സ്വർണവും റിലേ മത്സരത്തിൽ വെങ്കലവും നേടിയാണ് വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയായത്. 100 മീറ്റർ ഓട്ടത്തിൽ അൽ മുന സ്കൂളിലെ ഇസ്ര ഫാത്തിമ സ്വർണം നേടി.
അണ്ടർ 19 വിഭാഗത്തിൽ ഷോട്പുട് മത്സരത്തിൽ അലാ ഫരീഹ, 200 മീറ്റർ മത്സരത്തിൽ ബദർ മുഹമ്മദ് അലി, അണ്ടർ 17 വിഭാഗത്തിൽ ഷോട്പുട്ടിൽ റുആ റഊഫ്, അണ്ടർ 14 വിഭാഗം ഷോട്പുട്ടിൽ മുഹമ്മദ് സാകി എന്നിവർ വെള്ളി മെഡൽ കരസ്ഥമാക്കി. 100 മീറ്ററിൽ ബദർ മുഹമ്മദ് അലിയും ഷോട്പുട്ടിൽ ഹംന ഫാത്തിമയും വെങ്കലം സ്വന്തമാക്കി. അണ്ടർ 17 വിഭാഗം റിലേ മത്സരത്തിൽ നദീം, റഫാൻ അബ്ദുല്ല, ഉമൈർ, മുഹമ്മദ് ഫൗസാൻ, ഹസ്സൻ ശൈഖ് എന്നിവരും അണ്ടർ 14 റിലേ മത്സരത്തിൽ ഫാത്തിമ ഹനാൻ, ഫിൽസാ ഫാത്തിമ, ഇസ്ര ഫാത്തിമ, ഫാത്തിമ നൗറീൻ, ഹംന ഫാത്തിമ എന്നീ താരങ്ങൾ വെങ്കലവും സ്വന്തമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾ സെപ്റ്റംബറിൽ നാട്ടിൽ നടക്കുന്ന സി.ബി.എസ്.ഇ നാഷനൽ മീറ്റിൽ പങ്കെടുക്കാൻ അർഹത നേടി. ജിദ്ദയിൽനിന്ന് തിരിച്ചെത്തിയ കായികതാരങ്ങൾക്ക് ജനറൽ മാനേജർ കാദർ മാസ്റ്റർ, കാസിം ഷാജഹാൻ, അഡ്മിൻ മാനേജർ സിറാജ്, പരീക്ഷാ കൺട്രോളർ മുഹമ്മദ് നിഷാദ്, ഹെഡ് മാസ്റ്റർ ഇൻ ചാർജ് മുഹമ്മദ് ശിഹാബുദ്ദീൻ, മുഹമ്മദ് അലി, ഉണ്ണീൻകുട്ടി, ഫായിദ നസ്രുദീൻ എന്നിവർ ദമ്മാം എയർപോർട്ടിൽ സ്വീകരണം നൽകി. കായികാധ്യാപകരായ ശിഹാബുദ്ദീൻ, റുബീന ശൈഖ്, സഫീർ അലി എന്നിവരെയും സൗദി ദേശീയതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ നൗഫൽ, ജനറൽ മാനേജർ കാദർ മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.