സൗദി കുടുംബം സഞ്ചരിച്ച കാർ പടിഞ്ഞാറൻ ഓസ്ട്രിയയിലെ റെയിൽവേ പാളത്തിൽ അപകടത്തിൽപെട്ടപ്പോൾ

കാർ റെയിൽ പാളത്തിൽ കുടുങ്ങി; സൗദി പൗരനും മകനും ട്രെയിൻ തട്ടി മരിച്ചു

ജുബൈൽ: പടിഞ്ഞാറൻ ഓസ്ട്രിയയിൽ കാറിൽ ട്രെയിനിടിച്ച് സൗദി പൗരനും നാലുവയസ്സുള്ള മകനും മരിച്ചു. പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സൗദി കുടുംബം സഞ്ചരിച്ച വാഹനം റെയിൽവേ ട്രാക്കിൽ കുടുങ്ങുകയായിരുന്നു. ഭാര്യയെയും രണ്ടു കുട്ടികളെയും കാറിൽനിന്ന് പുറത്തിറക്കി ട്രാക്കിന്റെ ഭാഗത്തുനിന്നും മാറ്റിയശേഷം ചൈൽഡ് സീറ്റിൽനിന്ന് നാലുവയസ്സുകാരനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മരിച്ചയാളുടെ ബന്ധുവായ സൗദിയിലുള്ള മുഹമ്മദ് അൽ ശരീഫ് ട്വിറ്ററിലൂടെയാണ് അപകടത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

സാരമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തും പിതാവ് സെന്റ് ജൊഹാനിലെ ആശുപത്രിയിലുമാണ് മരിച്ചത്. 34 കാരിയായ അമ്മയും ഏഴും 11 ഉം വയസ്സുള്ള മറ്റു രണ്ടു കുട്ടികളും രക്ഷപ്പെട്ടു. 35 കാരനായ സൗദി പൗരൻ കുടുംബത്തോടൊപ്പം അവധി ചെലവഴിക്കാൻ പോയതായിരുന്നു ഓസ്ട്രിയയിൽ. ടൈറോളിലെ സെന്റ് ജൊഹാൻ നഗരത്തിലെ ഈഗർ ക്രോസിങ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കിറ്റ്സ്ബുഹെലിൽനിന്ന് സെന്റ് ജൊഹാനിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.

Tags:    
News Summary - Car stuck on rail tracks; Saudi citizen and son killed by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.