ജിസാൻ: ജോർദാനിൽ നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാർ ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ അല്ലൈത്തിൽ വെച്ച് അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജോർദാനിൽ പോയി സന്ദർശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടം എന്നാണറിയുന്നത്. രണ്ടര വയസുള്ള ഐസൽ മറിയം എന്ന കുട്ടിയും അപകട സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ജിസാനിലുള്ള നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ ഭർത്താവ് ഇവരുടെ കൂടെ ജോർദാനിൽ പോയിരുന്നില്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പമാണ് യുവതിയേയും കുഞ്ഞിനേയും ജോർദാനിലേക്ക് അയച്ചിരുന്നത്.
മരിച്ച യുവതിയെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരിൽ രണ്ട് പേരെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്. അപകട വിവരമറിഞ്ഞു ഭർത്താവ് ജിസാനിൽ നിന്നും ജിദ്ദയില്‍നിന്ന് ചുങ്കത്തറ സ്വദേശികളും അല്ലൈത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.