സൗദി മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ‘കിങ്ഡം യൂനിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനുള്ള നിർദേശത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജിദ്ദയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിപുലീകരണവും നവീകരണവും ലക്ഷ്യമിട്ടാണ് പുതിയ സർവകലാശാലക്ക് അനുമതി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലക്ക് പുറമെ, ഭരണ-സാമ്പത്തിക രംഗങ്ങളിലും സുപ്രധാനമായ നിലപാടുകൾ മന്ത്രിസഭ സ്വീകരിച്ചു.
ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങളും നിയമലംഘനങ്ങളും വേഗത്തിൽ തീർപ്പാക്കുന്നതിനായി നിലവിലുള്ള കമ്മിറ്റികളുടെ പ്രവർത്തന ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ഭേദഗതി വരുത്തി മന്ത്രിസഭ അംഗീകാരം നൽകി. ഇത് ഇൻഷുറൻസ് മേഖലയിലെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും.
ഐക്യരാഷ്ട്ര സഭയുടെ ഡിജിറ്റൽ ഗവൺമെൻറ് സെൻററായി റിയാദിനെ തിരഞ്ഞെടുത്തതിനെ മന്ത്രിസഭ പ്രകീർത്തിച്ചു. അന്താരാഷ്ട്ര തലത്തിൽ സൗദി അറേബ്യ നടത്തുന്ന ബഹുമുഖ പ്രവർത്തനങ്ങൾക്കും, നവീകരണത്തിനും ഡിജിറ്റൽ ഭാവി കെട്ടിപ്പടുക്കുന്നതിനായി നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിലും രാജ്യം വഹിക്കുന്ന നേതൃപരമായ പങ്കിനുള്ള അംഗീകാരമാണിതെന്ന് യോഗം വിലയിരുത്തി.
2026 സാമ്പത്തിക വർഷത്തെ പൊതുബജറ്റിെൻറ പ്രകടനത്തെക്കുറിച്ചുള്ള ത്രൈമാസ റിപ്പോർട്ടും മന്ത്രിസഭ യോഗത്തിൽ അവലോകനം ചെയ്തു. രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തിയ മന്ത്രിസഭ, അയൽരാജ്യങ്ങളായ യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ കര-സമുദ്രാതിർത്തികളിൽ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സഹോദര ഗൾഫ് രാജ്യങ്ങളുമായുള്ള സൗദിയുടെ ഐക്യദാർഢ്യം ആവർത്തിച്ച മന്ത്രിസഭ, ആ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.