ജിദ്ദ ബലദിൽ നിന്ന് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും ബസ് സർവിസ്

ജിദ്ദ: ജിദ്ദ നഗരത്തിലെ ബലദിൽ നിന്നും കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും ഹൈസ്പീഡ് ബസ് സർവിസ് ആരംഭിക്കുമെന്ന് ജിദ്ദ ട്രാൻസ്‌പോർട്ടേഷൻ കമ്പനി അറിയിച്ചു. ഏപ്രിൽ 10 ന് ഞായറാഴ്ച മുതൽ സർവിസുകൾ ആരംഭിക്കും.

ബലദ് സാപ്റ്റിക്കോ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ബസ്‌ മദീന റോഡ് വഴി കിങ് അബ്ദുള്ള റോഡിൽ പ്രവേശിച്ച് അൽ അന്ദലുസ് മാളിന് മുമ്പിലൂടെ പ്രിൻസ് മാജിദ് (സബ്ഈൻ) റോഡിൽ പ്രവേശിച്ച് നേരെ വിമാനത്താവളത്തിലേക്ക് പോവും. തിരിച്ചും ഇതുവഴി ബലദിലേക്ക് സർവിസ് നടത്തും.

ബലദ് സാപ്റ്റിക്കോ ബസ് സ്റ്റേഷൻ, മദീന റോഡിൽ ബഗ്ദാദിയ ഡിസ്ട്രിക്ട്, കിങ് അബ്ദുള്ള റോഡിൽ അൽ അന്ദലുസ് മാൾ, പ്രിൻസ് മാജിദ് റോഡിൽ ഫ്‌ളമിംഗോ മാൾ, ജിദ്ദ എയർപോർട്ട് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാവും. വിമാനത്താവളത്തിന്റെ ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ എവിടെയും ഇറങ്ങാം. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം ഉണ്ടാവും. ബസ് നിരക്ക് ഒരു റൂട്ടിൽ 15 റിയാലിൽ കൂടില്ലെന്നാണ് ജിദ്ദ ട്രാൻസ്‌പോർട്ടേഷൻ കമ്പനി അറിയിച്ചിരിക്കുന്നത്. 33 സീറ്റുകളുള്ള ബസുകളിൽ വികലാംഗർക്ക് പ്രത്യേകം സീറ്റുകളും ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലങ്ങളുമുണ്ടാവും. ബസ് സർവിസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള നിരവധി സെയിൽസ് പോയിന്റുകൾ വഴിയോ സാപ്റ്റിക്കോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ പണമടച്ച് ടിക്കറ്റ് വാങ്ങാം.

ജിദ്ദ എയർപോർട്ട്‌സ് കമ്പനിയുമായും സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്‌കൊ) യുമായും സഹകരിച്ചാണ് പുതിയ സേവനം ആരംഭിക്കുന്നത്. കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് ഡിപ്പാർച്ചർ, അറൈവൽ ഏരിയകളിൽ ബസുകൾക്ക് പ്രത്യേക പാർക്കിങ് അനുവദിക്കുമെന്നും, ബസ് സ്റ്റോപ്പ് സൈറ്റുകൾക്ക് മുന്നിൽ വെയിറ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കുമെന്നും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി അറിയിച്ചു.



 


Tags:    
News Summary - Bus service from Jeddah Balad to King Abdul Aziz International Airport starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.