ബു​റൈ​ദ ഈ​ത്ത​പ്പ​ഴ മേ​ള ന​ഗ​രി

ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ കാർണിവൽ ആഗസ്റ്റ് ഒന്ന് മുതൽ

റിയാദ്: സൗദി അറേബ്യയെ ആഗോള ഈത്തപ്പഴ ഉൽപാദന-വ്യാപാര കേന്ദ്രമായി ഉയർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ‘ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ കർണിവൽ’ ആഗസ്റ്റ് ഒന്നിന് തുടക്കമാകും. ഒക്ടോബർ 14 വരെ നീളുന്ന 75 ദിവസത്തെ ബൃഹത്തായ മേള, രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക-കാർഷിക മുന്നേറ്റങ്ങളിലൊന്നാണ്.

വിവിധ വേദികളിലായി ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ, ഈത്തപ്പഴ വിപണനത്തിെൻറ ദൈനംദിന കേന്ദ്രമായ ‘അൽ നഖ്ല സെൻറർ’ (സിറ്റി ഓഫ് ഡേറ്റ്സ്) പ്രധാന വാണിജ്യ പങ്കുവഹിക്കും. ഇതോടൊപ്പം സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾ, അൽ ഖസീം മേഖലയുടെ ഗ്രാമീണ തനിമയും കാർഷിക പാരമ്പര്യവും വിനോദസഞ്ചാരികൾക്കായി പരിചയപ്പെടുത്തുന്ന ‘രീഫിയ്യ’ ഫാം, പ്രമുഖ സാംസ്കാരിക പരിപാടികൾക്ക് വേദിയാകുന്ന കിങ് ഖാലിദ് കൾചറൽ സെന്റർ എന്നിവ കർണിവലിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

സാമ്പത്തിക, വിദ്യാഭ്യാസ, ബോധവത്കരണ, വിനോദ പരിപാടികൾ കോർത്തിണക്കിയാണ് ഇത്തവണത്തെ കർണിവൽ അരങ്ങേറുന്നതെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറിയും കർണിവൽ സി.ഇ.ഒയുമായ ഡോ. ഖാലിദ് അൽ നഖീദാൻ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വ്യാപാരികൾക്കും ഇറക്കുമതിക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കും.

സൗദി ഈത്തപ്പഴത്തെ ഒരു തന്ത്രപ്രധാന ദേശീയ ഉൽപന്നമായി ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപകർക്കും വ്യാപാരികൾക്കും മേഖലയിലെ വിദഗ്ധർക്കും പരസ്പരം ആശയവിനിമയം നടത്താനും ഈ രംഗത്തെ പുതിയ സാങ്കേതികവിദ്യകളും പ്രവർത്തനങ്ങളും പരിചയപ്പെടാനുമുള്ള മികച്ച വേദിയായി ഈ കർണിവൽ മാറും.

സൗദിയിലെ ഏറ്റവും വലിയ കാർഷിക-വ്യാപാര കൂട്ടായ്മയായ ബുറൈദ പ്രദേശത്ത് 1.2 കോടിയിലധികം ഈന്തപ്പനകളാണുള്ളത്. പ്രതിവർഷം 5,87,000 ടൺ ഈത്തപ്പഴമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 4000 കോടിയിലധികം റിയാലിെൻറ വാർഷിക സാമ്പത്തിക വരുമാനം ഉണ്ടാക്കാൻ കാർണിവൽ സഹായിക്കുന്നുണ്ട്.

കൂടാതെ, യുവാക്കൾക്കും യുവതികൾക്കുമായി പ്രത്യക്ഷത്തിലും പരോക്ഷമായും 4,000-ത്തിലധികം തൊഴിലവസരങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ഭക്ഷ്യ-കാർഷിക മേഖലയിലെ തീരുമാനമെടുക്കുന്നവർക്കും നിക്ഷേപകർക്കും വ്യാപാരികൾക്കുമുള്ള ഒരു വാർഷിക സംഗമവേദി കൂടിയാണിത്.

Tags:    
News Summary - Buraydah International Date Carnival,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.