ജിദ്ദ: സൗദി അറേബ്യയിലെ ആരോഗ്യ ഇൻഷുറൻസ് വിപണിയിലെ മുൻനിരക്കാരായ ബൂപ അറേബ്യ കോഓപറേറ്റിവ് ഇൻഷുറൻസ് കമ്പനി വലിയൊരു ബിസിനസ് പുനഃസംഘടനക്ക് ഒരുങ്ങുന്നു. നിലവിലുള്ള കമ്പനിയെ ഒരു ‘ഹോൾഡിങ് കമ്പനി’ ആയി മാറ്റാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതോടെ കേവലം ഒരു ഇൻഷുറൻസ് ദാതാവ് എന്നതിലുപരി, വിപുലമായ സേവനങ്ങളുള്ള ഒരു സംയോജിത ഹെൽത്ത് കെയർ ഗ്രൂപ്പായി ബൂപ മാറും.
സൗദി കമ്പനി നിയമത്തിലെ 231ാം വകുപ്പ് പ്രകാരം നടപ്പാക്കുന്ന ഈ വിഭജന പ്രക്രിയയുടെ പ്രധാന ഘട്ടങ്ങൾ ഇനി പറയുന്ന രീതിയിലായിരിക്കും. ഇൻഷുറൻസ് ബിസിനസിനായി ഒരു ‘ക്ലോസ്ഡ് ജോയിൻറ് സ്റ്റോക്ക് കമ്പനി’ പുതുതായി രൂപവത്കരിക്കും. നിലവിലെ ഇൻഷുറൻസ് പോർട്ട്ഫോളിയോ, ആസ്തികൾ, ബാധ്യതകൾ, ഉപഭോക്തൃ കരാറുകൾ, ജീവനക്കാർ എന്നിവയെല്ലാം ഈ പുതിയ കമ്പനിയിലേക്ക് മാറ്റും. നിലവിലുള്ള ബൂപ അറേബ്യ ഒരു ഹോൾഡിങ് കമ്പനിയായി പ്രവർത്തിക്കുകയും മറ്റ് വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്യും.
ഹോൾഡിങ് കമ്പനി സൗദി ഓഹരി വിപണിയായ ‘തദാവുലി’ൽ ലിസ്റ്റ് ചെയ്യപ്പെട്ട നിലയിൽ തുടരും. സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഹെൽത്ത് കെയർ ഗ്രൂപ്പായി മാറുക എന്നതാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ പുനഃസംഘടനക്ക് ഇൻഷുറൻസ് അതോറിറ്റിയിൽനിന്ന് 2025 സെപ്റ്റംബർ ഒമ്പതിന് തത്ത്വത്തിലുള്ള അനുമതി ലഭിച്ചിരുന്നു. ആരോഗ്യ പരിപാലന രംഗത്ത് സേവനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു വൻകിട ദേശീയ ഗ്രൂപ്പായി മാറാനുള്ള ബൂപയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നീക്കത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഈ നിർണായക മാറ്റത്തിന് അംഗീകാരം തേടുന്നതിനായി കമ്പനി ഉടൻതന്നെ അസാധാരണ പൊതുയോഗം വിളിച്ചുചേർക്കും. വിഭജന പ്രക്രിയ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക-നിയമ വശങ്ങൾ, റിസ്ക് ഘടകങ്ങൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ സർക്കുലർ ഉടൻ ഓഹരി ഉടമകൾക്ക് ലഭ്യമാക്കും. ഓഹരി ഉടമകളുടെ വോട്ടിങ്ങിലൂടെയായിരിക്കും പദ്ധതിയുടെ അന്തിമ തീരുമാനം കൈക്കൊള്ളുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.