ജിസാൻ: മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ സൗദി അറേബ്യയിലെ ജിസാനിൽ അന്തരിച്ച തിരുവനന്തപുരം വെള്ളറട സ്വദേശി നിഖിൽ മണിയന്റെ (35) മൃതദേഹം നാട്ടിലേക്ക് അയച്ചു. തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ പരേതനായ മണിയൻ നാരായണന്റെയും അംബിക ഗോവിന്ദന്റെയും മകനാണ് നിഖിൽ.
ബുധനാഴ്ച വൈകീട്ട് ജിസാൻ വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദ് വഴി അയച്ച മൃതദേഹം വ്യാഴാഴ്ച വൈകീട്ട് കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. അവിടെനിന്ന് നോർക്കയുടെ സൗജന്യ ആംബുലൻസ് സർവിസ് മുഖേന വീട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ വെള്ളറടയിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ ജനുവരി 29നാണ് ജിസാൻ അബു അരീഷിലെ റൊസ്‌കാവ കോഫി റസ്റ്റാറന്റിൽ ജോലി ചെയ്തിരുന്ന നിഖിലിനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അബുഅരീഷ് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം വർധിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് തലയോട്ടി തുറന്നുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
തുടർന്ന് അബോധാവസ്ഥയിൽ സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 20നാണ് മരിച്ചത്. കഴിഞ്ഞയാഴ്ച മൃതദേഹം സാംത ആശുപത്രിയിൽനിന്ന് എംബാം ചെയ്യുന്നതിനായി അബുഅരീഷ് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരിയായ നിഖിൽ ആറുമാസം മുമ്പാണ് പുതിയ വിസയിൽ ജിസാനിലെത്തിയത്. ഇതിനുമുമ്പ് എട്ടു വർഷത്തോളം കുവൈത്തിലും ജോലി ചെയ്തിരുന്നു. നിഖിലിന്റെ വേർപാട് കുടുംബത്തിന് വലിയ ആഘാതമായി. ഭാര്യ ലക്ഷ്മി കഴിഞ്ഞയാഴ്ചയാണ് രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടര വയസ്സുകാരി നിഹാരികയും ഒരാഴ്ച മാത്രം പ്രായമുള്ള നിവേദികയുമാണ് മക്കൾ. ഏക സഹോദരി നീതു വിവാഹിതയാണ്.
നിഖിൽ ചികിത്സയിലായിരുന്നപ്പോൾ ‘ജല’ സാംത യൂനിറ്റ് പ്രവർത്തകരും ആശുപത്രിയിലെ മലയാളി നഴ്സുമാരായ സോണി, ആൻസി, ജെയ്‌മോൾ, സംഗീത, സബീന, ജിൻസി എന്നിവരും വലിയ പിന്തുണ നൽകിയിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക വിഭാഗം വൈസ് കോൺസൽ ഡി.ബി.ആർ. ബച്ചൻ, ഉദ്യോഗസ്ഥർ എന്നിവർ ചികിത്സാഘട്ടം മുതൽ മൃതദേഹം നാട്ടിലയക്കുന്നത് വരെ നിരന്തരം ഇടപെടലുകൾ നടത്തി.
കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ‘ജല’ ഭാരവാഹികളായ ജോജോ തോമസ്, അൽഅമീൻ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മോയിൻ, ശ്യാം, റിബു, സന്തോഷ്, സുരേഷ്, സുന്ദരൻ, ഹരിദാസ് എന്നിവർ മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.