കുപ്പുസ്വാമി ആദി
ജുബൈൽ: മത്സ്യബന്ധനത്തിനായി കടലിലൂടെ സഞ്ചരിക്കവേ ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടത്തിൽ പുതുച്ചേരി സ്വദേശി മരിച്ചു. ബോട്ട് ഡ്രൈവറായ കുപ്പുസ്വാമി ആദി (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പുതുച്ചേരി സ്വദേശികളായ കുപ്പുസ്വാമിയും സഹപ്രവർത്തകൻ മണിയും ജുബൈലിനടുത്തുള്ള അൽ ഫറെയിൽനിന്ന് മത്സ്യബന്ധനത്തിന് കടലിലേക്ക് പുറപ്പെട്ടതായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷം ബോട്ട് കടലിലുള്ള പൈപ്പ് ലൈനിൽ ഇടിച്ചു.
ഇടിയുടെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ കുപ്പുസ്വാമിയുടെ തലക്ക് ഗുരുതര പരിക്കേറ്റ് കടലിൽ തെറിച്ചുവീണ് മുങ്ങി മരിക്കുകയായിരുണു. ബോട്ടിന് ദിശ തെറ്റിയെങ്കിലും കൂപ്പുസ്വാമി കടലിലേക്ക് വീണത് മനസ്സിലാക്കിയ മണി ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. അൽപസമയത്തിന് ശേഷമാണ് മൃതദേഹം കടലിൽനിന്ന് കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന മണിക്കും ചെറിയ പരിക്കുണ്ട്. മണിയുടെ പക്കൽ സ്വന്തം മൊബൈൽ ഉണ്ടായിരുന്നില്ല.
ബോട്ടിലുണ്ടായിരുന്ന കുപ്പുസ്വാമിയുടെ മൊബൈലിൽ സ്ക്രീൻ ലോക്ക് ഇല്ലാതിരുന്നതിനാലാണ് തത്സമയം ബന്ധപ്പെട്ടവരെ അറിയിക്കാൻ കഴിഞ്ഞത്. കുപ്പുസ്വാമിയുടെ ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ദമ്മാമിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.