ജിദ്ദ: കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷത്തോളമായി ഏതാണ്ട് നിശ്ച്ചലമായിരുന്ന ജിദ്ദയിലെ പ്രവാസി കായിക ലോകത്തിന് പുത്തനുണർവ്വേകി കൊണ്ട് സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൽ അംഗങ്ങളായിട്ടുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ബ്ലൂസ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഇലവൻസ് ഫുട്ബാൾ ടൂർണമെന്റ് അൽഅബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ്-2022 ന് ജൂൺ 10 വെള്ളിയാഴ്ച്ച രാത്രി എട്ട് മണിക്ക് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള ഹിലാൽ ശാം സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉത്ഘാടന മത്സരത്തിൽ നിലവിലെ സിഫ് ചാമ്പ്യന്മാരായ ഷറഫിയ ട്രേഡിങ്ങ് സബീൻ എഫ്.സി, കരുത്തരായ നഖ്'ആ ഐസ് ഫാക്ടറി റിയൽ കേരള എഫ്.സിയുമായി ഏറ്റുമുട്ടും. ജിദ്ദയിലെ പ്രമുഖ താരങ്ങൾക്ക് പുറമെ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും ഇരു ടീമുകൾക്കും വേണ്ടി ബൂട്ട് കെട്ടും. ഉത്ഘാടന ദിവസം തന്നെ സെക്കൻഡ് ഡിവിഷനിൽ സിഫ് ബി ഡിവിഷൻ ചാമ്പ്യന്മാരായ തുറയ്യ മെഡിക്കൽസ് യാസ് എഫ്.സി, അൽഹാസ്‌മി ന്യൂ കാസിൽ എഫ്.സിയുമായി ഏറ്റുമുട്ടും. സൂപ്പർ ലീഗ്, സെക്കൻഡ് ഡിവിഷൻ, ജൂനിയർ ലീഗ് എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ.
(ജിദ്ദയിൽ ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ)
സൂപ്പർ ലീഗിൽ സിഫ് എ ഡിവിഷൻ ടീമുകളും, സെക്കൻഡ് ഡിവിഷനിൽ സിഫ് ബി, സി ഡിവിഷൻ ടീമുകളും, ജൂനിയർ ലീഗിൽ അണ്ടർ 17 ടീമുകളുമാണ് മത്സരിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരങ്ങൾ. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ജൂലൈ ഏഴിന് നടക്കും. സൂപ്പർ ലീഗിൽ ഷറഫിയ ട്രേഡിങ്ങ് സബീൻ എഫ്.സി, നഖ്'ആ ഐസ് ഫാക്ടറി റിയൽ കേരള എഫ്.സി, ബ്ലൂ സ്റ്റാർ എ, ആദാബ് ബിരിയാണി ഹവ്സ് എ.സി.സി എ എന്നീ ടീമുകളും, സെക്കന്റ് ഡിവിഷനിൽ തുറയ്യ മെഡിക്കൽസ് യാസ് എഫ്.സി, അൽഹാസ്‌മി ന്യൂ കാസിൽ എഫ്.സി, സിഫ് സി ഡിവിഷൻ ചാമ്പ്യന്മാരായ കംപ്യൂട്ടക് ഐടി സോക്കർ, അൽകബീർ ബി.എഫ്.സി ബ്ലൂ സ്റ്റാർ സി, എ.സി.സി ബി, റെഡ് സീ ബ്ലാസ്റ്റേഴ്‌സ് എഫ്.സി, അൽ അബീർ ബ്ലൂ സ്റ്റാർ ബി എന്നീ ടീമുകളും, ജൂനിയർ ലീഗിൽ സിഫ് അണ്ടർ 17 ചാമ്പ്യന്മാരായ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ, സോക്കർ ഫ്രീക്‌സ്, ബദർ തമാം ടാലന്റ് ടീൻസ്, സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ബി എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
ജൂൺ 10 വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് ഡോ. അഹമ്മദ് ആലുങ്ങൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിക്കും. ഡോ. ജംഷീദ് അഹമ്മദ് മുഖ്യാഥിതി ആയിരിക്കും. ജിദ്ദയിലെ കലാ, കായിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.