ഹജ്ജ് ഒരുക്കം; ഹജ്ജ് കാര്യാലയങ്ങളുമായി യോഗം ചേർന്നു
മക്ക: ഹജ്ജ് സീസണിന്റെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹജ്ജ്-ഉംറ മന്ത്രാലയം 78 രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളുമായി പ്രാരംഭ യോഗങ്ങൾ നടത്തി. ഹജ്ജ് തീർഥാടകരുടെ വരവിനു മുമ്പുള്ള കരാറുകളും ക്രമീകരണങ്ങളും സമയക്രമങ്ങളും വിലയിരുത്തുന്നതിനും ഒരുക്കങ്ങളുടെ നിലവാരം ഉയർത്തുന്നതിനും പ്രവർത്തന പദ്ധതികൾ വിലയിരുത്തുന്നതിനാണിത്.
സീസണിനായുള്ള തയ്യാറെടുപ്പ് ഘട്ടങ്ങൾ, സമയബന്ധിതമായ പരിപാടിയുടെ പുരോഗതി, സമഗ്ര പാക്കേജ് നടപടിക്രമങ്ങൾ, അംഗീകൃത സേവന ദാതാക്കളുമായി കരാറിലെത്തൽ, താമസസൗകര്യം, ഗതാഗതം, ഭക്ഷണം, ജനക്കൂട്ട നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ, ബോധവത്കരണ പരിപാടികൾ, ഹജ്ജ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും എന്നിവ യോഗങ്ങൾ ചർച്ച ചെയ്തു.
ഹജ്ജ് കാര്യ ഓഫീസുകളുമായി മന്ത്രാലയം നടപ്പിലാക്കുന്ന മുൻകൂർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ യോഗങ്ങൾ നടത്തുന്നത്. ഒരുക്കങ്ങളുടെ നിലവാരം നിരന്തരം നിരീക്ഷിക്കുക, വെല്ലുവിളികൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുക, ഓരോ ഘട്ടത്തിനുമുള്ള ഉത്തരവാദിത്തങ്ങളും തീയതികളും നിർണയിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത് വ്യക്തമായ പദ്ധതികളുടെയും സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ ഹജ്ജ് സീസണി ന്റെ പ്രവർത്തനങ്ങളെ തയ്യാറെടുപ്പിൽ നിന്ന് നിർവ്വഹണത്തിലേക്ക് മാറ്റാൻ സഹായിക്കുന്നു. 500 ലധികം ഡിജിറ്റൽ സേവനങ്ങൾ ഉൾക്കൊള്ളുന്നതും 80ലധികം സർക്കാർ-പ്രവർത്തന വിഭാഗങ്ങളുമായും 5,000ലധികം സേവന ദാതാക്കളുമായും സംയോജിപ്പിച്ചിരിക്കുന്ന ‘ഇലക്ട്രോണിക് പാത’വഴിയാണ് വിദേശ ഹജ്ജ് യാത്രികർക്കായുള്ള കരാറുകളും ക്രമീകരണങ്ങളും പൂർത്തിയാക്കുന്നത്.
ഇത് നടപടികൾ വേഗത്തിലാക്കാനും കരാറുകൾ ഉറപ്പുവരു ത്താനും ഹജ്ജ് കാര്യ ഓഫീസുകളും സേവന ദാതാക്കളും ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു. പുതിയ സീസണിലെ പ്രവർത്തനങ്ങൾക്കായുള്ള തയ്യാറെടുപ്പ് രേഖയും സമയക്രമവും ഹജ്ജ് കാര്യ ഓഫീസുകൾക്ക് കൈമാറിക്കൊണ്ട് കഴിഞ്ഞ ഹജ്ജ് വേളയിലാണ് അടുത്ത ഹജ്ജ് സീസണിന്റെ ഒരുക്കങ്ങൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.