കൂടുതൽ പച്ചപ്പണിയാൻ സൗദി തെക്കൻ പ്രവിശ്യ

അബ്ഹ: സൗദി അറേബ്യയുടെ ഏറ്റവും പ്രകൃതിരമണീയമായ തെക്കൻ മേഖല ഇനി കൂടുതൽ പച്ചപ്പണിയും. അസീർ പ്രവിശ്യയിൽ രണ്ടുവർഷം നീളുന്ന വനവത്കരണ കാമ്പയിന് തുടക്കമായി. മരുഭൂകരണത്തിനെതിരെ പൊരുതാനും സസ്യജാലം കൊണ്ട് പൊതിയാനുമായി പ്രവർത്തിക്കുന്ന ദേശീയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അസീറിലെ അൽ-ജറാഹ് പാർക്കിലെ വനങ്ങളിൽ തീപിടുത്തമുണ്ടായ സ്ഥലങ്ങൾ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

വനവത്കരണ പദ്ധതിയിൽ 160,000 മരങ്ങളും തദ്ദേശീയ സസ്യ ഇനങ്ങളും നട്ടുപിടിപ്പിക്കും. അൽ-ജറഹ് പാർക്കിനുള്ളിലെ സസ്യജാലങ്ങളുടെ ആവരണം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുനരധിവാസത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതി തെരഞ്ഞെടുക്കുന്നതിന് പ്രദേശത്തെ മണ്ണിന്റെ സ്വഭാവവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും പരിശോധിക്കും.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന തീപിടുത്തം ചെറുക്കാനും കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾ, വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയുടെ മേൽനോട്ടം ഏറ്റെടുത്ത് പരിപാലിക്കാനും ആവശ്യമായ പ്രവർത്തനപദ്ധതികളാണ് കേന്ദ്രത്തിനുള്ളത്.

ഇത് രാജ്യത്തിന്റെ സുസ്ഥിര വികസനം വർധിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. 500 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക, കാർബൺ പുറന്തള്ളൽ കുറക്കാനുള്ള ആഗോളപ്രയത്നത്തിൽ 10 ശതമാനം പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെ സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ സംരംഭങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും ദേശീയ കേന്ദ്രം വ്യക്തമാക്കി. പാരിസ്ഥിതിക വെല്ലുവിളികളെ തരണം ചെയ്യുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങളെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Tags:    
News Summary - asir afforestation campaign started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.