റിയാദ്: സൗദി അറേബ്യയുടെ ചരിത്ര പൈതൃകം വിളിച്ചോതുന്ന സുപ്രധാന കണ്ടെത്തലുകളുമായി ഹെറിറ്റേജ് കമീഷൻ. തെക്കുപടിഞ്ഞാറൻ ഭാഗത്തെ അൽ ബാഹ മേഖലയിലെ അൽ മഖ്‌വ ഗവർണറേറ്റ് ഭൂപരിധിയിലുള്ള ചരിത്രപ്രസിദ്ധമായ ‘അൽ അസദ’ പുരാവസ്തു കേന്ദ്രത്തിൽ നടത്തിയ രണ്ടാം ഘട്ട ഖനനത്തിലാണ് അതിപുരാതനമായ ഒരു പള്ളിയും അനുബന്ധ പാർപ്പിട സമുച്ചയങ്ങളും കണ്ടെത്തിയത്. രാജ്യത്തെ പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെയും പര്യവേക്ഷണങ്ങളുടെയും ഭാഗമായാണ് ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഖനനത്തിൽ കണ്ടെത്തിയ മസ്ജിദിന് ഏകദേശം 11 മീറ്റർ നീളവും 12 മീറ്റർ വീതിയുമുണ്ട്.
ഒരു മിഹ്‌റാബ്, മൂന്ന് പ്രധാന കവാടങ്ങൾ എന്നിവക്ക് പുറമെ പള്ളിയുടെ മേൽക്കൂരയെ താങ്ങിനിർത്തിയിരുന്ന തൂണുകളുടെ ചതുരാകൃതിയിലുള്ള അടിത്തറകളും ഇവിടെ വ്യക്തമായി കാണാം. ആദ്യകാല ഇസ്‌ലാമിക നഗര ആസൂത്രണത്തിൽ പള്ളികൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഇതിെൻറ വാസ്തുവിദ്യ. പള്ളിയുടെ വടക്കുകിഴക്ക് ഭാഗത്തായി വിവിധ വലുപ്പത്തിലുള്ള നാല് മുറികളും പര്യവേക്ഷകർ കണ്ടെത്തിയിട്ടുണ്ട്. നാല് മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള മുറികളും, മൂന്ന് മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള മുറികളും ഇതിലുൾപ്പെടുന്നു.
ജലസംഭരണികൾ, സ്റ്റോറേജ് റൂമുകൾ, പാചകത്തിനുള്ള അടുപ്പുകൾ എന്നിവ സജ്ജീകരിച്ചിരുന്ന ഈ മുറികൾ പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സേവന കേന്ദ്രങ്ങളോ അല്ലെങ്കിൽ താമസ സൗകര്യങ്ങളോ ആകാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. പഴയകാലത്തെ ജീവിതരീതികളിലേക്ക് വെളിച്ചം വീശുന്ന നിരവധി നിത്യോപയോഗ സാധനങ്ങളും ഖനനത്തിനിടയിൽ ലഭിച്ചിട്ടുണ്ട്.
സാധാരണ മൺപാത്രങ്ങൾ, മിനുസപ്പെടുത്തിയ ഗ്ലേസ്ഡ് മൺപാത്രങ്ങൾ, സോപ്പ് കല്ല് കൊണ്ട് നിർമിച്ച പാത്രങ്ങൾ, ആട്ടുകല്ലുകൾ, മറ്റ് കല്ല് ഉപകരണങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്. യെമനിൽനിന്ന് മക്കയിലേക്കുള്ള പുരാതന ഹജ്ജ് തീർഥാടന പാതയിൽ സ്ഥിതി ചെയ്യുന്നതിനാൽ, അൽ അസദ പ്രദേശം ചരിത്രത്തിലുടനീളം വ്യാപാരത്തിെൻറയും സാംസ്‌കാരിക കൈമാറ്റത്തിെൻറയും പ്രധാന കേന്ദ്രമായിരുന്നു. അറേബ്യൻ ഉപദ്വീപിെൻറ സമ്പന്നമായ ചരിത്രം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നതിനായി ഹെറിറ്റേജ് കമീഷൻ നടത്തിവരുന്ന വിപുലമായ പ്രവർത്തനങ്ങളുടെ സുപ്രധാന ചുവടുവെപ്പാണ് ഈ പുതിയ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.